യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യയിൽ സന്ദർശനത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സെലെൻസ്കിയുടെ വരവ്. യുക്രെയ്ൻ അംബാസഡർ ഒലെക്സാണ്ടർ പോളിഷ്ചുക് ശനിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സന്ദർശനത്തിനുള്ള തീയതികൾ ചർച്ചയിലാണ്, അന്തിമമായിട്ടില്ല.
“ഇന്ത്യൻ പ്രധാനമന്ത്രി പ്രസിഡൻ്റ് സെലെൻസ്‌കിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. പ്രസിഡന്റ് സെലെൻസ്‌കി തീർച്ചയായും ഇന്ത്യ സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഉഭയകക്ഷി ബന്ധത്തിൽ ഇത് ഒരു വലിയ നേട്ടമായിരിക്കും. യോജിച്ച കൃത്യമായ ഒരു തീയതി തീരുമാനിക്കാൻ ശ്രമിക്കുകയാണ്.” ഉക്രെയ്‌നിന്റെ ദേശീയ പതാക ദിനത്തിൽ ANI യോട് സംസാരിച്ച പോളിഷ്ചുക്ക് പറഞ്ഞു.
മോസ്കോയുമായുള്ള ബന്ധം കാരണം ഇന്ത്യയെ സമാധാന ചർച്ചകളിൽ ഒരു പ്രധാന പങ്കാളിയായി ഉക്രൈൻ കാണുന്നുവെന്നും റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ കൂടുതൽ ഇന്ത്യൻ പങ്കാളിത്തം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് കൈവിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്ന് പോളിഷ്ചുക്ക് പറഞ്ഞു.
“ഉക്രെയ്നിൽ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു. കൂടാതെ എല്ലാ പങ്കാളികളുമായും റഷ്യൻ ഫെഡറേഷനുമായും ചർച്ചകൾ നടത്തുന്നു.” അദ്ദേഹം പറഞ്ഞു. 2023 മുതൽ ഇന്ത്യയും ഉക്രെയ്‌നും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഭാവിയിലെ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള സാദ്ധ്യതകൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്നും അംബാസഡർ എടുത്തുപറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ ഉക്രെയ്‌നുമായി വളരെ തീവ്രമായി ഇടപെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സെലെൻസ്‌കിയും ഐക്യരാഷ്ട്രസഭയിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച, രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും പ്രസിഡന്റ് സെലെൻസ്‌കി ആശംസകൾ നേർന്നിരുന്നു. ആഗോള സമാധാന ശ്രമങ്ങളിൽ, പ്രത്യേകിച്ച് റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ രാജ്യം കൂടുതൽ സജീവമായ പങ്ക് വഹിക്കണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ അംബാസഡർ ശനിയാഴ്ച ആഹ്വാനം ചെയ്തു. 2024 ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദി ഉക്രെയ്ൻ സന്ദർശിച്ചവേളയിൽ ഉക്രെയ്നിൽ സമാധാനം കൊണ്ടുവരാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
