നിശ്ചിത സമയം റിസർവ്വ് ബെഞ്ചിലിരുന്ന് വിശ്രമിച്ച കാലുകൾ സ്വപ്ന കിരീടവും ഗോൾഡൻ ബൂട്ടുമണിഞ്ഞു ; മാർട്ടിനസ് മാജിക്കിൽ അർജന്റീനക്ക് കോപ അമേരിക്ക

Date:

ഫ്ളോറിഡ: നിലവിലെ ചാമ്പ്യന്മാരായ
അർജന്റീന തന്നെ കോപ അമേരിക്കയിൽ വീണ്ടും ചുംബിക്കാൻ അർഹത നേടി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഒരു ഗോളിനാണ് കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന ജേതാക്കളായത്. നിശ്ചിതസമയത്ത് ഇരുടീമും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.

കൊളംബിയയാണ് മത്സരത്തിൽ ഒരുപടി മുന്നിൽനിന്നതെങ്കിലും എക്സ്ട്രാ ടൈം അവരുടെ രണ്ടാം കിരീടമെന്ന സ്വപ്നത്തെ പാടെ തകർത്തെറിഞ്ഞു. എക്സ്ട്രാ ടൈമിൽ പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനസ് 112ാം മിനിറ്റിൽ അർജൻ്റീനയുടെ രക്ഷകനായി അവതരിച്ചപ്പോൾ പൊലിഞ്ഞ് പോയത്
കൊളംബിയൻ പ്രതീക്ഷകളാണ്.

16ാം കിരീടത്തോടെ കോപ്പയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരെന്ന റെക്കോഡും അർജന്റീന കൈപ്പിടിയിലൊതുക്കി. 15 കിരീടവുമായി ഉറുഗ്വെക്കൊപ്പം അവകാശം പങ്കുവെയ്ക്കുകയായിരുന്നു ഇതുവരെ മെസ്സിയും സംഘവും. അഞ്ച് ഗോളുമായി ലൗതാരോ മാർട്ടിനസ് ഗോൾഡൻ ബൂട്ടിന് അർഹനായപ്പോൾ ടൂർണ്ണമെന്റിന്റെ താരമായി കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസും മികച്ച ഗോൾകീപ്പറായി അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും തെരഞ്ഞെടുക്കപ്പെട്ടു. 

കലാശപ്പോരിന്റെ ആവേശത്തിൽ പങ്കാളികളാവാൻ പതിനായിരത്തിലധികം കാൽപ്പന്തു പ്രേമികളാണ് മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയത്. തള്ളിക്കയറാൻ ശ്രമിച്ച കാണികളെ നിയന്ത്രിക്കാനാവാതെ മത്സരം തുടങ്ങാൻ ഒന്നേകാൽ മണിക്കൂർ വൈകി.

വൈകിത്തുടങ്ങിയ മത്സരം തുടക്കം തന്നെ കൊളംബിയയുടെ മികച്ച മുന്നേറ്റങ്ങളോടെയായിരുന്നു. ഇത് മറികടന്ന് അർജന്റീന എതിർ ഗോൾമുഖത്തേക്ക് ഇരച്ചെത്തി ഭീതി നിറച്ചത് കളിക്കമ്പക്കാർക്ക് ഹരം പകർന്നു. വലതു വിങ്ങിൽനിന്ന് മോണ്ടിയേൽ നൽകിയ എണ്ണം പറഞ്ഞ ക്രോസ് അൽവാരസ് ഉന്നംവെച്ചത് പോസ്റ്റിലേക്കായിരുന്നുവെങ്കിലും പന്ത് പോയത് പുറത്തേക്കായിരുന്നു. മറുഭാഗത്ത് കൊളംബിയയും മോശമാക്കിയില്ല. ലൂയിസ് ഡയസിന്റെ ഗോൾമുഖം കണ്ട ലോങ് ഷോട്ട് എമിലിയാനോ മാർട്ടിനസിൻ്റെ കൈയിലൊതുങ്ങി. തുടർന്നും അർജന്റീന ബോക്സിലേക്ക് ഇരച്ചെത്തിയ കൊളംബിയൻ താരങ്ങളെ മൂക്കുകയറിടാൻ അർജീൻ്റീന പെടാപാട്പെട്ടു. കൊർദോബയുടെ ഷോട്ട് പോസ്റ്റിനോട് ചേർന്നാണ് വഴിമാറി പോയത്. ​

20ാം മിനിറ്റിൽ അർജന്റീനയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ഡി മരിയയുടെ ഡ്രൈവിൽനിന്ന് മെസ്സി പോസ്റ്റിന് നേരെ നിറയൊഴിച്ചെങ്കിലും അർജന്റീന താരത്തിന്റെ കാലിൽതട്ടി പുറത്തായി. 33ാം മിനിറ്റിൽ കൊളംബിയയുടെ ജെഫേഴ്സൺ ലെർമയുടെ ഉശിരൻ ലോങ് റേഞ്ചർ ഒരിക്കൽ കൂടി എമിലിയാനോ മാർട്ടിനസ് എന്ന ഗോളിയുടെ മികവ് തെളിയിക്കുന്നതായി – അസാമാന്യമായ ഒരു ഡൈവിലൂടെയാണ് ആ ഷോട്ട് മാർട്ടിനസ് തട്ടിയകറ്റിയത്. ശേഷം അർജന്റീന താരങ്ങളുടെ കൂട്ടമായ മുന്നേറ്റത്തിനൊടുവിൽ മെസ്സി പരിക്കേറ്റ് ​വീണത് ആശങ്ക പരത്തി. ബോക്സിലേക്ക് ക്രോസ് നൽകാനുള്ള മെസ്സിയുടെ നീക്കം തടയാനുള്ള സാന്റി​യാഗോ ആരിയാസിന്റെ ശ്രമത്തിൽ ചവിട്ടേറ്റ മെസ്സി വേദനയിൽ പുളഞ്ഞു. ആശങ്കക്കൊടുവിൽ കളത്തിൽ തുടർന്നെങ്കിലും മെസ്സിക്ക് പക്ഷെ അധികം പിടിച്ചു നിൽക്കാനായില്ല. 64ാം മിനിറ്റിൽ നായകൻ കളം വിട്ടത് കണ്ണീരോടെയായിരുന്നു. നികൊ ഗോൺസാലസ് പകരക്കാരനായി. 75ാം മിനിറ്റിൽ അർജന്റീനക്കായി ​നികൊ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഡി മരിയയുടെ ക്രോസിൽ അർജന്റീന ഗോളിനടുത്തെത്തിയെങ്കിലും റൊമോരോക്ക് ക്ലിയർ ചെയ്യാനായില്ല. അവസാന മിനിറ്റുകളിൽ ഇരുനിരയും ഗോൾ തേടി ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

മുന്നേറിയും പ്രതിരോധം തീർത്തും ഗോൾ ശ്രമം നടത്തിയും നീണ്ട മത്സരത്തിൻ്റെ എക്സ്ട്രാ ടൈമിൻ്റെ ആദ്യ പകുതിയും കഴിഞ്ഞാണ് മത്സരത്തിന് റിസൾട്ട് ഉണ്ടാകുന്നത്. 97ാം മിനിറ്റിൽ മാത്രം പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാർട്ടിനസ് അർജന്റീനയുടെ രക്ഷകനായി അവതരിച്ചു – കപ്പടിച്ച സ്വപ്നഗോൾ! തുടർന്ന്, ഗ്രൗണ്ടിന്റെ വലയം ഭേദിച്ച് ഗോൾ ആഘോഷമാക്കിയ താരം പരിക്കേറ്റിരിക്കുന്ന മെസ്സിയെ കെട്ടിപ്പിടിച്ചാണ് ആഘോഷം അവസാനിപ്പിച്ചത്. അതുവരെ റിസർവ്വ് ബെഞ്ചിലിരുന്ന് വിശ്രമിച്ച കാലുകൾ അർജന്റീനക്ക് സ്വപ്ന കിരീടം നേടിക്കൊടുക്കുക മാത്രമല്ല ചെയ്തത്, അഞ്ചാം ഗോളുമായി കോപ്പ അമേരിക്കയുടെ ഗോൾഡൻ ബൂട്ടും അണിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം....

ഭക്ഷ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് നിയമസഭയിൽ ക്ഷമാപണം നടത്തി വിഡി സതീശൻ ;  അനുകരണീയ മാതൃകയെന്ന് സ്പീക്കർ

തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ പരാമർശം...

സൈബറാക്രമണത്തിന് ഇരയായ കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പോലീസ്

കൊച്ചി: സൈബറാക്രമണത്തിന് ഇരയായ സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ...