(Photo Courtesy : FIFA/X)
ഈസ്റ്റ് റുഥർഫോഡ് : ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് യുവ ചെൽസി. പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് പാരീസ് സെൻ്റ് ജെര്‍മെയ്‌നെ ചെൽസി വീഴ്ത്തിയത്. രണ്ടാം പകുതിയിൽ തിരിച്ചുവരവിനുള്ള പിഎസ്ജിയുടെ ശ്രമങ്ങളെ ചെൽസി പ്രതിരോധിച്ചു. 2021ന് ശേഷം ഇതാദ്യമായാണ് ചെൽസി ക്ലബ് ലോകകപ്പ് നേടിയത്.
27 വയസ്സിന് മുകളിലുള്ള ഒരാൾ പോലും ഇല്ലാതെ തികച്ചും യുവ ചെൽസിയാണ് ഇത്തവണ ലോകകപ്പിന് മാറ്റുരയ്ക്കാൻ എത്തിയത്. യുവ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനുള്ള കോച്ച് എന്‍സോ മാരെസ്‌കയുടെ ഉറച്ച തീരുമാനത്തിനുള്ള അംഗീകാരം കൂടിയാണ് ഫിഫ ലോകകപ്പ്. കോച്ചായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് എന്‍സോ മാരെസ്‌ക ടീമിനെ വീണ്ടും ലോകകിരീടം ചൂടിച്ചതെന്നതും ശ്രദ്ധേയം.

Cole Palmer – Superior Player of The Match. (Photo Courtesy: FlFA Club World Cup /X )
ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. ജോവാ പെഡ്രോയാണ് വലകുലുക്കിയ മറ്റൊരു താരം. ചാംപ്യൻസ് ലീഗ് കിരീടത്തിന് പിന്നാലെ ക്ലബ്ബ് ലോകകപ്പും കൈയ്യിലൊതുക്കാമെന്ന് മോഹിച്ചെത്തിയ പിഎസ്ജിയുടെ സ്വപ്നങ്ങൾക്കേറ്റ തിരിച്ചടിയായി ഈ തോൽവി. മത്സരത്തിൻ്റെ 22-ാം മിനിറ്റിലും 30 -ാം മിനിറ്റിലുമായിരുന്നു പാൽമറിൻ്റെ എണ്ണം പറഞ്ഞ ഗോളുകൾ. 43-ാം മിനിറ്റിലാണ് പെഡ്രോ മൂന്നാം ഗോൾ തികച്ചത്. പാൽമറിൻ്റെ അസിസ്റ്റിലായിരുന്നു ആ ഗോളിനും വഴിയൊരുങ്ങിയത്. രണ്ടാം പകുതിയിൽ പന്ത് കൂടുതൽ നേരം കാലിൽ വെക്കാൻ കഴിഞ്ഞെങ്കിലും പിഎസ്ജിയെ തിരിച്ചുവരാൻ വിടാതെ ചെൽസി പൂട്ടി. സൂപ്പർ സേവുകളുമായി ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസും കളം നിറഞ്ഞതോടെ പിഎസ്ജിയുടെ കിരീട മോഹം പൊലിഞ്ഞു.
ബ്രസീല്‍ ക്ലബ്ബ് ഫ്‌ലൂമിനന്‍സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു ചെൽസിയുടെ ഫൈനൽ പ്രവേശനം. ജോവോ പെഡ്രോ ആണ് മത്സരത്തിൽ രണ്ട് ഗോളും നേടിയത്.