കോഴിക്കോട് : യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് നിർണ്ണായക തീരുമാനം. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. യെമനിൽ ഇന്നലേയും ഇന്നുമായി നടന്ന മദ്ധ്യസ്ഥ ചർച്ചയിലാണ് ഫലം കണ്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുമായി സൂഫി പണ്ഡിതർ നടത്തിയ മദ്ധ്യസ്ഥ ഇടപെടലിൽ അവര്‍ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിൻ്റെ കുടുംബം തയ്യാറായെന്നാണ് സൂചന. ഈ തീരുമാനം സനായിലെ കോടതിയെ അറിയിക്കും. വിഷയത്തിൽ ഇടപെട്ടതിന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർക്ക് ആക്‌ഷൻ കൗൺസിൽ നന്ദി അറിയിച്ചു.
തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് ഇതിൽ നിർണ്ണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ള ഷെയ്ഖ് ഹബീബ് മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് കേരളത്തിൽ വന്നിരുന്നു. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദ്ദേശം അംഗീകരിച്ചാണ് തലാലിന്റെ കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ശേഷം അറ്റോർണി ജനറലുമായി നടന്ന കൂടിക്കാഴ്ച നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷ ഒഴിവാക്കാനുള്ള അടിയന്തര നടപടികളിലേക്കാണ് നീങ്ങിയത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള പരിശ്രമമാണ് ശുഭസൂചകമായ പര്യവസാനത്തിലേക്കെത്തുന്നത്.
യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയയെ 2017 ജൂലൈയിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നതാണ് കേസ്. യെമനിൽ നഴ്സായിരുന്ന പാലക്കാട് തേക്കിൻചിറ സ്വദേശി നിമിഷപ്രിയയെ തലാലിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്കു ശേഷം 2020 ലാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. .