ഉക്രെയ്ൻ യുദ്ധത്തിൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. അമേരിക്കൻ നേതാവിന്റെ നടപടികളെ നയിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ മോസ്കോ ആഗ്രഹിക്കുന്നുവെന്നും റഷ്യ പുതിയ എല്ലാ ഉപരോധങ്ങളെയും ചെറുക്കുമെന്നും ലാവ്‌റോവ് പറഞ്ഞു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഉക്രെയ്‌നുമായുള്ള വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ ട്രംപ് വിശേഷിപ്പിച്ച “ദ്വിതീയ താരിഫ്” എന്ന ഭീഷണിയെ അദ്ദേഹം തള്ളിക്കളഞ്ഞു.
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് മോസ്കോയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയത്. തങ്ങൾ ‘ദ്വിതീയ താരിഫുകൾ’ നടപ്പിലാക്കാൻ പോകുകയാന്നെന്നും 50 ദിവസത്തിനുള്ളിൽ ഉക്രെയ്നുമായുള്ള വെടിനിർത്തൽ കരാറിൽ എത്തിയില്ലെങ്കിൽ അത് 100 ശതമാനം ആയിരിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ ഭീഷണി.
ഉക്രെയ്നുമായുള്ള യുദ്ധത്തിൽ പുടിനോടുള്ള വർദ്ധിച്ചുവരുന്ന നിരാശ പ്രകടിപ്പിക്കുന്ന പ്രസ്താവനകളുടെ ഒരു പരമ്പരക്ക് ശേഷമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. പലതവണ വെടിനിർത്തൽ ചർച്ചകൾ നടത്തിയിട്ടും മിസൈൽ ആക്രമണങ്ങൾ തുടരുന്നതിന് റഷ്യൻ പ്രസിഡന്റിനെ ട്രംപ് വിമർശിച്ചിരുന്നു. ഉക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിനായി പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ നാറ്റോയ്ക്ക് അയയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.
വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം ട്രംപിനൊപ്പം ചേർന്ന നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയും യുഎസ് പ്രസിഡന്റിന്റെ ഉറച്ച നിലപാടിനെ പിന്തുണച്ചിരുന്നു.