മലപ്പുറം : ടെലിഫോൺ ചോർത്തിയെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന പി.വി. അൻവറിനെതിരെ കേസെടുത്ത് മലപ്പുറം പോലീസ്. കൊല്ലം സ്വദേശി മുരുകേശ് നരേന്ദ്രൻ നൽകിയ പരാതിയിലാണ് കേസ്. മുരുകേശിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
2024 സെപ്റ്റംബർ ഒന്നിന് പി.വി. അൻവർ നടത്തിയ വാർത്താസമ്മേളനത്തിൽ ചില ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതായുള്ള വിവരങ്ങൾ പറഞ്ഞിരുന്നു. ഇതിന് അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രൻ പരാതിയുമായി രംഗത്തെത്തിയത്. അൻവറിനെതിരേ നിരന്തരം പരാതികൾ നൽകിയിട്ടുള്ള ആളാണ് താൻ. അതുകൊണ്ടുതന്നെ തന്റെ ഫോണും അൻവർ ചോർത്തിയേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മുരുകേശ് നരേന്ദ്രൻ പരാതി. എന്നാൽ, ഇതിൽ പോലീസ് നടപടികൾ കൈക്കൊണ്ടിരുന്നില്ല. തെളിവുകളില്ലെന്നായിരുന്നു പോലീസ് വിശദീകരണം. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.
തെളിവ് കണ്ടെത്തേണ്ടത് പോലീസിന്റെ കടമയാണെന്നും പരാതിക്കാരന്റെ ബാദ്ധ്യതയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് പരാതിക്കാരനെ വിളിച്ച് പോലീസ് കേസെടുത്തത്. ഐടി വകുപ്പും ടെലി കമ്യൂണിക്കേഷൻ ആക്ടും അനുസരിച്ചാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്