ന്യൂഡൽഹി : ഡൽഹിയിൽ പെയ്തിറങ്ങിയ കനത്ത മഴയും യമുന നദിയിൽ ഉയർന്നു പൊങ്ങിയ ജലവും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെ മുഴുവൻ വെള്ളത്തിനടിയിലാക്കി. ദുരിതാശ്വാസ ക്യാമ്പുകൾ പോലും വെള്ളം കയറി ദുരിതക്കയത്തിലായി, പ്രധാന റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടു. വെള്ളം ഡൽഹി സെക്രട്ടേറിയറ്റിലും സമീപമുള്ള നിരവധി വീടുകളിലേക്കും മറ്റിടങ്ങളിലേക്കും വെള്ളം ഇരച്ചു കയറി.

പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിൽ യമുനയിലെ ജലനിരപ്പ് 207.47 മീറ്ററിൽ എത്തിയിരുന്നു. ഇത് ഉയർന്നതിന് ശേഷം താഴ്ന്നിട്ടില്ല, ഇപ്പോഴും ഒരേ നിലയിൽ തുടരുന്നത് വലിയ ഭീഷണി യാണുയർത്തുന്നത്. .
കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ, മാറ്റി പാർപ്പിക്കപ്പെട്ടവർക്കായി ഒരുക്കിയ ചില ദുരിതാശ്വാസ ക്യാമ്പുകൾ പോലും വെള്ളത്തിനടിയിലായി. ഇവർക്കായി വീണ്ടും സുരക്ഷിതയിടങ്ങൾ കണ്ടത്തേണ്ട അവസ്ഥയിലാണ് അധികൃതർ.

അലിപൂരിൽ, കനത്ത മഴയെ തുടർന്ന് എൻഎച്ച്-44 ന് സമീപമുള്ള ഫ്ലൈഓവറിന്റെ ഒരു ഭാഗം തകർന്നു. ഇവിടെ ഒരു ഓട്ടോറിക്ഷ മുങ്ങിപ്പോയി. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. യമുനാ നദിയുടെ വെള്ളപ്പൊക്ക സമതലങ്ങൾക്ക് സമീപമുള്ള റോഡിലെ അടിപ്പാതയിലും വെള്ളം കയറി. ഇതേതുടർന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് പോകുന്ന ഒരു റോഡ് അടച്ചിട്ടു. കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാൻ സക്ഷൻ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും പ്രദേശം ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ഡൽഹിയിലെ സ്വാമിനാരായൺ ക്ഷേത്രവും ചെളിനിറഞ്ഞ വെള്ളക്കെട്ടിലാണ്. ക്ഷേത്രത്തെ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ ഫൂട്ട്ഓവർ ബ്രിഡ്ജും സമീപത്ത് കാണാനില്ല. അത് മുഴുവനായും വെള്ളത്തിലമർന്നു.
സിവിൽ ലൈൻസ് മേഖലയും വലിയ ദുരിതത്തിലാണ്. ഇവിടെ നിരവധി ബംഗ്ലാവുകളും റോഡുകളും വെള്ളത്തിനടിയിലായി. കാശ്മീർ ഗേറ്റ്, ഐടിഒ എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിലും തിരക്കേറിയ മറ്റ് പല സ്ഥലങ്ങളിലും വ്യാഴാഴ്ച രാവിലെയും വെള്ളക്കെട്ട് തുടർന്നു.

നഗരത്തിലെ ഏറ്റവും വലിയ ശ്മശാനമായ നിഗംബോധ് ഘട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ഗീതാ കോളനി ശ്മശാനത്തിലും വെള്ളം കയറിയതോടെ ആളുകൾക്ക് സമീപത്തുള്ള കാൽനടപ്പാതയിൽ വെച്ച് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടി വന്നു.
മുങ്ങേഷ്പൂർ ഡ്രെയിനിന്റെ 50 അടി നീളമുള്ള മൺതിട്ട തകർന്നതിനെ തുടർന്ന് ജറോദ കലാനിൽ നിന്നും നജഫ്ഗഢിന്റെ ചില ഭാഗങ്ങളിൽ നിന്നും 2,000-ൽ അധികം ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു.
അതേസമയം, നഗരത്തിന് ഇപ്പോഴും ഭീഷണിയായി കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പാണ് വരുന്നത്. ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) ആദ്യം കനത്ത മഴയ്ക്ക് റെഡ്, ഓറഞ്ച് അലേർട്ടുകൾ നൽകിയിരുന്നെങ്കിലും പിന്നീട് യെല്ലോ അലേർട്ടായി കുറച്ചിട്ടുണ്ട്. ഡൽഹിയിൽ സാധാരണ ആഗസ്റ്റ് മാസത്തോടെ 774 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് 1,000 മില്ലിമീറ്റർ മഴയാണ് ഇപ്പോൾ പെയ്തത്.