തിരുവനന്തപുരം : സിപിഐഎം നേതാവ് കെ ജെ ഷൈനെതിരെ നടന്ന സൈബർ ആക്രമണ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തി പോലീസ്. തിരുവനന്തപുരത്തെ ഉള്ളൂർ ചെറുവയ്ക്കലിലെ വീട്ടിൽ രാത്രി 9 മണിയോടെ എറണാകുളം റൂറൽ ക്രൈം പോലീസിനോടൊപ്പം പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ഷാജഹാന്റെ ഐഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവ ഉപയോഗിച്ചുകൊണ്ടായിരുന്നു ഷാജഹാൻ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ക്യാമറ, ലാപ്ടോപ്പ് എന്നിവയും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. ഒന്നാം പ്രതി പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ്റെ വീട്ടിലും പോലീസ് തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു.
കെ എം ഷാജഹാന് കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. കെ ജെ ഷൈനിന്റെ പരാതിക്ക് പുറമെ മറ്റ് മൂന്ന് ഇടത് എംഎൽഎമാരുടെ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് ഷാജഹാനെ കേസിൽ പ്രതി ചേർത്തത്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിക്കുകയും, ലൈംഗികപരമായി പരാമർശം നടത്തുന്നു എന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കെ എം ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം ആലുവ സൈബർ ക്രൈം ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകി കൊണ്ട് പൊലീസ് നോട്ടീസ് നൽകി.
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
