മുംബൈ : ഇന്ത്യൻ ട്വൻ്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).
ഏഷ്യാ കപ്പ് ഗ്രൂപ്പ് 4 മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം പഹൽഗാം ആക്രമണത്തിന്റെ ഇരകൾക്കും ഇന്ത്യൻ സൈന്യത്തിനും സൂര്യകുമാർ യാദവ് സമർപ്പിച്ചതിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകിയ പരാതിയിലാണ് ഐസിസി നടപടി കൈക്കൊണ്ടത്.
സൂര്യകുമാർ യാദവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിയിൽ പരാതി നൽകിയത്. പാക് ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്‌സാദ ഫർഹാനുമെതിരെ ഐസിസി മുമ്പ് നടപടി സ്വീകരിച്ചിരുന്നു. ഹാരിസിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയും സാഹിബ്‌സാദ ഫർഹാന് ശാസന നൽകുകയും ചെയ്തു.സാഹിബ്‌സാദ ഫർഹാൻ “ഗൺ സെലിബ്രേഷൻ” നടത്തിയതിന് പിഴ ചുമത്തിയിട്ടില്ല.