തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി അംബാസിഡറോട് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പങ്കുവെച്ചത്.

”കേരളം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചു. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം. ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണം” – മുഖ്യമന്ത്രി പറഞ്ഞു.