ന്യൂഡൽഹി : ദുബൈയില്‍ നിന്നും ഡല്‍ഹിയിലെത്തിയ യുവാവിന്റെ പക്കൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത റോളക്‌സ് വാച്ച് പിഴ അടച്ച് വീണ്ടെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 2024 മാര്‍ച്ച് 7 നാണ് ദുബൈയിൽ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മഹേഷിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റോളക്‌സ് വാച്ച് പിടിച്ചെടുക്കുകയും തടങ്കല്‍ റെസീപ്റ്റ് നല്‍കുകയും ചെയ്തത്.
വ്യവസ്ഥകള്‍ ലംഘിച്ചാണ് വാച്ച് ഇറക്കുമതി ചെയ്തതെന്നും യാത്രക്കാരുടെ ബാഗേജായി സാധനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തെറ്റായ മാര്‍ഗ്ഗം ഉപയോഗിച്ചതായും ആരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റോളക്‌സ് വാച്ച് പിടിച്ചെടുത്തത്. മാത്രമാല്ല വാച്ച് വാണിജ്യ ഉപയോഗത്തിനായി കൊണ്ടുവന്നതാണെന്നും വ്യക്തിഗത ആവശ്യത്തിനായി ഉള്ളതല്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
പിടികൂടിയ 13,48,500 രൂപ വില വരുന്ന 126610LV മോഡല്‍ നമ്പര്‍ വാച്ച് 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാൻ 2025 ജനുവരി 30-ന് ഉത്തരവിലൂടെ കസ്റ്റംസ് അനുമതി നല്‍കി. എന്നാല്‍ കസ്റ്റംസ് ആക്ട് പ്രകാരം ഉത്തരവ് ലഭിച്ച് 120 ദിവസത്തിനുള്ളില്‍ വീണ്ടെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ, യുവാവിന് അത് സാധിച്ചില്ല. മഹേഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോഴേക്കും ഈ കാലയളവ് അവസാനിച്ചു. ഇതിലാണിപ്പോൾ കോടതി അനുമതി നൽകിയിരിക്കുന്നത്.
