കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ആശുപത്രി വളപ്പിനകത്തു വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. യുവതി നിലവിൽ ചികിത്സയിലാണ്.
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായ ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് യുവതി. വെള്ളിയാഴ്ച രാത്രി 8.30 ന് വിദ്യാർത്ഥിനി ഒരു ആൺ സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലെ ആളൊഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്’.
വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മെഡിക്കൽ കോളേജ് ജീവനക്കാരെയും വിദ്യാർത്ഥിനിയെ അനുഗമിച്ച സുഹൃത്ത് ഉൾപ്പെടെയുള്ള മറ്റ് വ്യക്തികളെയും പോലീസ് ചോദ്യം ചെയ്തു.
മകളുടെ സുഹൃത്താണ് സംഭവം അറിയിച്ചതെന്ന് മെഡിക്കൽ വിദ്യാർത്ഥിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞാൻ അവിടെ എത്തിയപ്പോൾ എന്റെ മകളുടെ നില ഗുരുതരമായിരുന്നു, ആശുപത്രി അധികൃതരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. അവൾ ക്യാമ്പസ് ഗേറ്റിൽ എത്തിയപ്പോൾ അവിടെ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നു. അവരിൽ ഒരാൾ അവളെ ബലാത്സംഗം ചെയ്തു, അവളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി, അത് തിരികെ നൽകാൻ 3,000 രൂപ ആവശ്യപ്പെട്ടു. ആൺകുട്ടി അവളെ ഉപേക്ഷിച്ച് ഓടിപ്പോയി. അവർ അവളെ ബലാത്സംഗം ചെയ്തു,” പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
“ഈ സംഭവം നടന്നത് രാത്രി 8 നും 9 നും ഇടയിലാണ്. ഹോസ്റ്റൽ വളരെ അകലെയായിരുന്നു, അവൾ ഇവിടെ ഭക്ഷണം കഴിക്കാൻ വന്നതായിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ പര്യാപ്തമല്ല. ഇത്രയും ഗുരുതരമായ ഒരു സംഭവം നടന്നു, പക്ഷേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവിടെ ഒരു സംവിധാനവുമില്ല, പ്രതികരണവുമില്ല,” അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ സ്ത്രീകൾക്കെതിരായ നിരവധി ബലാത്സംഗ കേസുകളിലും കുറ്റകൃത്യങ്ങളിലും പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനിടെയാണ് ഈ സംഭവം. ബംഗാളിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം യുവ ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പെയാണ് ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.