തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലിനെ ബാധിക്കുന്ന വിഷയമാണിത്. കുട്ടികളുടെ ഭാവി പന്താടികൊണ്ട് ഒരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങാന്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. പി.എം.ശ്രീയില്‍ സിപിഐ എതിര്‍പ്പ് മറികടന്ന് കേരളം ഒപ്പിട്ടത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ വിശദീകരണം.
“നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരകണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞ് വെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിത്.” മന്ത്രി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഔദാര്യമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതി വിഹിതത്തില്‍ നിന്നുള്ള നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട പണമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 വര്‍ഷം ലഭിക്കേണ്ട 456.1 കോടി രൂപ തടഞ്ഞുവെച്ചു. ആകെ 1158.13 കോടി രൂപ ഇതിനകം നഷ്ടമായി. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷാ അഭിയാന്‍ കുടിശ്ശികയും പിഎം ശ്രീ ഫണ്ടും ഉള്‍പ്പടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം നല്‍കാന്‍ ധാരണയായിട്ടുള്ളത് 971 കോടി രൂപയാണ്’ മന്ത്രി പറഞ്ഞു.
പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചുവെന്ന വാദം സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്ര ശിക്ഷാ പദ്ധതി നടപ്പാക്കാനുള്ള ഉപാധിയായും ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സംസ്ഥാന താത്പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസൃതമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. അതാണിപ്പോഴും നടക്കുന്നത്. പല കാര്യങ്ങളിലും ദേശീയ വിദ്യാഭ്യാസ നയത്തേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്. പലതും വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതാണ്. പാഠ്യപദ്ധതിയുടെ വര്‍ഗീയ വത്കരണത്തിന് കേരളം നിന്നുകൊടുത്തിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
