മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ വൈകി എത്തിയതിന് ശിക്ഷയായി 100 സിറ്റ്-അപ്പുകൾ നടത്താൻ നിർബ്ബന്ധിതയായ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്. വസായിലെ സതിവാലിയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് ദാരുണ മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ മരിച്ചത്.
നവംബർ 8 ന് സ്കൂളിൽ വൈകി എത്തിയതിന് പെൺകുട്ടിയേയും മറ്റ് നാല് വിദ്യാർത്ഥികളെയും 100 സിറ്റ്-അപ്പുകൾ വീതം നടത്താൻ നിർബന്ധിച്ചതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അംഗങ്ങൾ ആരോപിച്ചു. “മനുഷ്യത്വരഹിതമായ ശിക്ഷ” മൂലമാണ് തന്റെ മകൾ മരിച്ചതെന്ന് ഇരയുടെ അമ്മ ആരോപിച്ചു. സ്കൂൾ ബാഗ് പുറകിൽ കെട്ടിവച്ച് അദ്ധ്യാപിക തന്നെക്കൊണ്ട് സിറ്റ്-അപ്പുകൾ ചെയ്യിപ്പിച്ചതായി മകൾ പറഞ്ഞായി അമ്മ അവകാശപ്പെട്ടു. ശിക്ഷയ്ക്ക് തൊട്ടുപിന്നാലെ മകൾക്ക് കടുത്ത കഴുത്ത് വേദനയും പുറം വേദനയും അനുഭവപ്പെട്ടതായും എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെയാണ് ശിക്ഷയ്ക്ക് വിധേയമാക്കിയെതെന്ന് വസായിൽ നിന്നുള്ള എംഎൻഎസ് നേതാവ് സച്ചിൻ മോർ പറഞ്ഞു.
മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പാണ്ഡുരംഗ് ഗലാംഗെ സ്ഥിരീകരിച്ചു. ഇതുവരെ പോലീസ് പരാതിയൊന്നും ഫയൽ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
