തിരുവനന്തപുരം : പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം അഴിമതിയിൽ കുരുക്കിലായി ബിജെപി നേതാക്കൾ. സഹകരണ ചട്ടം ലംഘിച്ചാണ് ബിജെപി നേതാക്കള്‍ വായ്പയെടുത്തിട്ടുള്ളത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉള്ളത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം. ഇതു പ്രകാരം വായ്പയെടുത്ത എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്.
നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കണ്ടെത്തല്‍. ഇതിലൂടെ ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചടക്കാനാണ് ഉത്തരവ്. ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാര്‍ ആയിരുന്നു പ്രസിഡന്റ്. ഇദ്ദേഹവും 46 ലക്ഷം രൂപ അടക്കണം.
പതിനാറംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതം തിരിച്ചടക്കാനാണ് നിര്‍ദ്ദേശം. ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതം തിരിച്ചടക്കണം. സഹകരണ ചട്ടം ബിജെപി നേതാക്കൾ ലംഘിച്ചു. ഇതേ നേതാക്കളാണ് തിരുമല അനിലിനെ കൈവിട്ടത്. അനിലിന്റെ ബാങ്കിലെ സാമ്പത്തിക ബാദ്ധ്യതയിൽ ബിജെപിക്ക് പങ്കില്ലെന്നാണ് വാദം. തുടർന്ന് ഗത്യന്തരമില്ലാതെ അനിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
