തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. നമ്മുടെ കുട്ടികളെ പ്രാപ്തിയുള്ള പൗരരായി മാത്രമല്ല, ഉത്തരവാദിത്വമുള്ള പൗരരായി വളർത്തുകയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനാലാണ് മത്സരത്തിൽ നിന്ന് ഭക്ഷണം വരെ, പ്രകടനത്തിൽ നിന്ന് പെരുമാറ്റം വരെ, കാലോത്സവത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉത്തരവാദിത്വത്തിന്റെ വലിയ പാഠം ഉൾപ്പെടുത്തുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്‌കൂൾ കലോത്സവത്തിന് ഇത്തവണ തൃശൂരിലാണ് അരങ്ങേറുന്നത്. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലാമാമാങ്കം. 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോയും ഷെഡ്യൂളും കഴിഞ്ഞ ദിവസമാണ് മന്ത്രി ശിവൻകുട്ടി റവന്യൂമന്ത്രി കെ രാജന് നൽകികൊണ്ട് പ്രകാശനം ചെയ്തത്.
പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ 25 വേദികളിൽ കലാമത്സരങ്ങൾ അരങ്ങേറും. ജനുവരി 14-ന് രാവിലെ 10.00 മണിക്ക് പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 18-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ അഭിമാന താരം പത്മഭൂഷൺ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് –
കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാം
നമ്മുടെ കുട്ടികളെ പ്രാപ്തിയുള്ള പൗരരായി മാത്രമല്ല, ഉത്തരവാദിത്വമുള്ള പൗരരായി വളർത്തുകയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനാലാണ് മത്സരത്തിൽ നിന്ന് ഭക്ഷണം വരെ, പ്രകടനത്തിൽ നിന്ന് പെരുമാറ്റം വരെ, കാലോത്സവത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉത്തരവാദിത്വത്തിന്റെ വലിയ പാഠം ഉൾപ്പെടുത്തുന്നത്.
ജയപരാജയങ്ങളെ അതിജീവിച്ച്, എല്ലാ കുട്ടികളെയും “വിജയികളായി” കാണാൻ പഠിപ്പിക്കുന്ന പാഠമാണിത്.
തോൽവിയെ സംയമനത്തോടെ സ്വീകരിക്കാനും, മറ്റ് കൂട്ടുകാരുടെ വിജയത്തിൽ സന്തോഷിക്കാനും പഠിക്കുന്ന കുട്ടികൾ ആണ് ജീവിതത്തിൽ യഥാർത്ഥ വിജയികൾ.
ചടങ്ങുകൾ ആഘോഷമാകണം, എന്നാൽ പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത രീതിയിൽ എന്ന സന്ദേശമാണ് തൃശൂർ കലോത്സവം മുന്നോട്ടുവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളും കാൻസറും വർധിക്കുന്ന കാലത്ത്, കാലോത്സവം “ആരോഗ്യകരമായ ഭക്ഷണം” എന്ന മാതൃക ഉയർത്തിക്കാട്ടുന്നു. അധിക ഷുഗർ, അധിക എണ്ണ, ജങ്ക്‌ഫുഡ് എന്നിവ ഒഴിവാക്കി, പച്ചക്കറികളും പഴങ്ങളും അടങ്ങിയ നാട്ടിൻപുറത്തെ ആരോഗ്യകരമായ ഭക്ഷണമാണ് ഇവിടത്തെ സന്ദേശം.
പ്ലാസ്റ്റിക് സാധനങ്ങൾ, മിനറൽ വാട്ടർ ബോട്ടിൽ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി, സ്വന്തം വെള്ളക്കുപ്പി കൊണ്ടുവരാനും, പരിസ്ഥിതി സൗഹൃദ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
കരുണ, പങ്കിടൽ, പരസ്പരം സഹായിക്കൽ, മത്സരാർത്ഥികൾക്കിടയിലും സൗഹൃദം, കൂട്ടായ്മ — ഇവയെല്ലാം ഒരുമിച്ച് കുട്ടികളുടെ സ്വഭാവനിർമ്മാണത്തിന്റെ അടിത്തറയായി ഇവിടെ ഉയർത്തിക്കാട്ടുന്നു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ഡിജിറ്റൽ അടിമത്വം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ പോലുള്ളവ വഴി, ആസ്വാദനത്തെയും വിനോദത്തെയും ഉത്തരവാദിത്വത്തോടെ സമീപിക്കുന്നതിന്റെ സന്ദേശം കാലോത്സവം കുട്ടികളിലേക്കെത്തിക്കുന്നു.
ഈ കാലോത്സവം വേദിയിലെ പ്രോഗ്രാം മാത്രമല്ല; നമ്മുടെ പൊതു വിദ്യാഭ്യാസം ഉത്തരവാദിത്വമുള്ള ഒരു തലമുറയെ ഒരുക്കാനുള്ള സാമൂഹിക പ്രതിജ്ഞയാണ്. എല്ലാ അധ്യാപകരോടും, വിദ്യാർത്ഥികളോടും, രക്ഷിതാക്കളോടും ഈ ഉത്തരവാദിത്വയാത്രയിൽ കൈകോർക്കാൻ അഭ്യർത്ഥിക്കുന്നു
