തൃശൂർ : 64 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്
തൃശൂരില്‍ തിരിതെളിഞ്ഞു. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നാള്‍ ഇനി പൂരനഗരി കൗമാര കലാ മാമാങ്കത്തിൽ അലിഞ്ഞുചേരും. 25 വേദികളിലായി പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ കലാവിഭാഗങ്ങളിൽ മാറ്റുരയ്ക്കുക.
കലയാണ് മതംമെന്നും കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വലിയ കലാകാരന്മാര്‍ക്ക് പോലും പലപ്പോഴും ജാതിയും മതവും വെല്ലുവിളി തീര്‍ത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കലാമണ്ഡലം ഹൈദരാലിക്കുണ്ടായ അനുഭവം ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നതിനാല്‍ അപമാനിതനാകുന്നത്. അത് ജനാധിപത്യത്തില്‍ ചേര്‍ന്നതല്ല – അദ്ദേഹം പറഞ്ഞു.
കലയെ മതത്തിന്റെ കണ്ണില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്. മുസ്ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും, ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് നാം കണ്ടതാണ്. ചിലയിടങ്ങളില്‍ ക്രിസ്മസ് കാരളിന് നേരെ വരെ ആക്രമണം ഉണ്ടായി. മറ്റു ചിലയിടങ്ങളില്‍ ക്രിസ്മസ് അവധികള്‍ തന്നെ എടുത്തുകളഞ്ഞു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രാമനെന്നും സീത എന്നും പേരിടാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടാകുന്നു.
മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്ന, എല്ലാ ചിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയര്‍ത്തിപ്പിടിക്കാനും സാധിക്കണം – അദ്ദേഹം പറഞ്ഞു. കലാമേളകളില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരബുദ്ധി കലോത്സവത്തിന്റെ ഭംഗി കെടുത്താതെ നോക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
