Sunday, May 10, 2026

സിപിഐ(എം) ടിവികെയ്ക്ക് നൽകുന്ന പിന്തുണയുടെ നേർചിത്രം അഥവാ തമിഴ്നാട് രാഷ്ട്രീയം പറയുന്ന വലിയ പാഠം!

Date:

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ ചെറുക്കാനും ഉറച്ച നിലപാടുമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ടി.വി.കെയ്ക്ക് പിന്തുണ പ്രഖാപിച്ചത്. ചെന്നൈയിൽ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് എൻ. ഗുണശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം നിലവിലെ ഗവർണറുടെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ടി.വി.കെ നേതൃത്വത്തെ ക്ഷണിക്കാൻ ഗവർണർ ആദ്യം തയ്യാറാകാതിരുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഗവർണറുടെ ഈ നിസ്സംഗത രാഷ്ട്രീയ പക്ഷപാതത്തിന്റെ ഭാഗമാണെന്നും, സുപ്രീം കോടതി വിധികൾക്കും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണെന്നും സി.പി.ഐ.(എം) ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട് വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വന്നിട്ടും, ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെടുന്നത് അതീവ ഗൗരവകരമാണ്. സംസ്ഥാന അവകാശങ്ങൾക്കും ഫെഡറൽ സംവിധാനത്തിനും ഭീഷണിയാകുന്ന ഗവർണറുടെ ഇത്തരം നീക്കങ്ങളെ പരസ്യമായി അപലപിക്കാൻ ടി.വി.കെ തയ്യാറാകണമെന്നും ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നു. സംഘ്പരിവാർ കുതന്ത്രം ഉപയോഗിച്ച് രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ജനവിധിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കാനാവില്ല.

അതേസമയം, ജനവിധിക്ക് വിരുദ്ധമായി എ.ഡി.എം.കെ – ബി.ജെ.പി സഖ്യവുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നടത്തിയ നീക്കങ്ങൾ അത്യന്തം ആശങ്കാജനകമാണ്. ഇത്തരം പിന്നാമ്പുറ രാഷ്ട്രീയ ഇടപെടലുകൾക്ക് വഴിയൊരുക്കി തമിഴ്‌നാട്ടിൽ ഭരണഘടനാ സ്തംഭനം സൃഷ്ടിക്കാനും, അതുവഴി രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം വന്നാൽ, ഗവർണറുടെ മുഖേന ബി.ജെ.പി സംസ്ഥാനഭരണം നിയന്ത്രിക്കുന്ന സാഹചര്യം രൂപപ്പെടുമെന്ന തിരിച്ചറിവാണ് ഇടതുപക്ഷത്തിന്റെ നിലപാടിന് പിന്നിൽ.

ഈ പ്രത്യേക സാഹചര്യത്തിലാണ് കുതിരക്കച്ചവടം തടയുന്നതിനും, ഗവർണറുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ ചെറുക്കുന്നതിനുമായി ടി.വി.കെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോൾ സി.പി.ഐ.(എം) അംഗങ്ങൾ ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യും. എന്നാൽ മന്ത്രിസഭയുടെ ഭാഗമാകാതെ, ജനപക്ഷത്ത് നിന്നുകൊണ്ട് പുറത്തുനിന്ന് പിന്തുണ നൽകാനാണ് പാർട്ടിയുടെ തീരുമാനം.

ഇവിടെയാണ് കോൺഗ്രസ്സും ഇടതുപക്ഷവും തമ്മിലുള്ള അടിസ്ഥാന രാഷ്ട്രീയ വ്യത്യാസം വ്യക്തമാകുന്നത്. ഒറ്റ രാത്രികൊണ്ട് ഡി.എം.കെ മുന്നണിയെ ചതിച്ചു മറുകണ്ടം ചാടിയ കോൺഗ്രസ്സിനെപ്പോലെയല്ല സി.പി.ഐ.(എം), സി.പി.ഐ പാർട്ടികൾ പ്രവർത്തിച്ചത്. കൃത്യമായ രാഷ്ട്രീയ ബോദ്ധ്യത്തോടെയും ഡി.എം.കെ നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇടതുപക്ഷം ടി.വി.കെയെ പിന്തുണച്ചത്.

ജനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി, കിട്ടിയ അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള ശ്രമങ്ങൾ വിജയ്‌യും സംഘവും നടത്തിയാൽ, അതിനെതിരെ ആദ്യം പ്രതികരിക്കുന്ന ശക്തിയും ഇടതുപക്ഷമായിരിക്കും. ഡി.എം.കെ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങളെ തകർക്കാനുള്ള ഇടപെടലുകൾ ഉണ്ടായാലും അതിനെ ശക്തമായി പ്രതിരോധിക്കും. അധികാരത്തോട് അന്ധമായ അടുപ്പമല്ല, ജനാധിപത്യം സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഇടതുപക്ഷം ഇവിടെ ഊട്ടിഉറപ്പിക്കുന്നത്.

തമിഴ്നാട് രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന വലിയൊരു പാഠമാണിത്. അധികാരത്തിനായി ഏത് പാളയത്തേക്കും ഓടുന്ന കോൺഗ്രസ് രാഷ്ട്രീയവും, ജനാധിപത്യം സംരക്ഷിക്കാൻ നിലപാടെടുത്ത രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസത്തിന്റെ പേരാണ് ഇടതുപക്ഷം എന്ന് ഇത് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി, ഡി.എം.കെ നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും സി.പി.ഐ.(എം) പിന്തുണ പ്രഖ്യാപിച്ചത് അതുകൊണ്ടുതന്നെയാണ്.

സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതും, അഴിമതിരഹിതവും, സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും അധിഷ്ഠിതമായതുമായ ഒരു ഭരണം പുതിയ സർക്കാരിന് കാഴ്ചവെക്കാൻ കഴിയണം. ജനവിധിയെ മാനിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും ജനങ്ങളുടെ ആഗ്രഹങ്ങളും നിറവേറ്റുന്ന രീതിയിൽ സർക്കാർ പ്രവർത്തിക്കണമെന്നും സി.പി.ഐ.(എം) തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം രചിച്ച് ദളപതി വിജയ് അഥവാ സി...

കോൺഗ്രസിന്റെ തെരുവ് യുദ്ധത്തിന് ശമനം!; കേരള മുഖ്യമന്ത്രിയ്ക്കായി ചർച്ച പൂർത്തിയായി, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ തെരുവ് യുദ്ധം അവസാനിപ്പിക്കാൻ...

‘ശനി’ തീർന്നു, വിജയ്ക്ക് ഇനി മുഖ്യമന്ത്രിയാവാം!; വിസികെ പിന്തുണ ഉറപ്പിച്ച് ടിവികെ

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി...

ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത്...