Monday, June 29, 2026

ആധാർ വിവരങ്ങൾ ഇനി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം; തിരിച്ചറിയൽ തെളിവായി ഉപയോഗിക്കാം

Date:

ന്യൂഡൽഹി : ആധാർ വിവരങ്ങൾ ഇനി ഗൂഗിൾഅക്കൗണ്ടുമായി ബന്ധിപ്പിക്കാം. ആധാർ-പാൻ കാർഡ് ലിങ്കിംഗ് പോലെയോ ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് പോലെയോ ഉള്ള ഒരു പ്രക്രിയയല്ല ഇതെങ്കിലും, ആധാർ വിവരങ്ങൾ ഡിജിറ്റലായി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാമെന്ന് ഗൂഗിളും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (UIDAI) വ്യക്തമാക്കി. ഇതോടെ, ആധാർ വഴിയുള്ള വെരിഫിക്കേഷൻ പിന്തുണയ്ക്കുന്ന സ്ഥലങ്ങളിൽ ഗൂഗിൾ വാലറ്റ് ഉപയോഗിച്ച് തിരിച്ചറിയൽ തെളിയിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. നിലവിൽ പിവിആർ ഐനോക്സ് (PVR INOX), ഭാരത് മാട്രിമോണി (BharatMatrimony) തുടങ്ങിയ പങ്കാളികളുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ജനുവരിയിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)യുമായി പ്രഖ്യാപിച്ച പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങിയത്. യുഐഡിഎഐ കുറച്ച് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ‘ആധാർ വെരിഫിക്കബിൾ ക്രെഡൻഷ്യൽസ്’ (Aadhaar Verifiable Credentials) എന്ന ഓഫ്‌ലൈൻ വെരിഫിക്കേഷൻ പ്രോട്ടോക്കോൾ വഴിയാണ് ഇത് സാദ്ധ്യമാകുന്നത്.

യുഐഡിഎഐയുടെ പുതിയ ആധാർ ആപ്പിലും സമാനമായ സൗകര്യമുണ്ട്. നിങ്ങളുടെ ഫോണിലെ ഗൂഗിൾ വാലറ്റ് ആപ്പിൽ ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാനും ഇതിലൂടെ സാധിക്കും.

ആധാർ വിവരങ്ങൾ ഗൂഗിൾ വാലറ്റിൽ ചേർത്താൽ, പ്രായം തെളിയിക്കുന്നതിനോ ആപ്പുകളിൽ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനോ ഫോമുകൾ പൂരിപ്പിക്കുന്നതിനോ ഇത് ഉപയോഗിക്കാം. ഇതിലെ ‘സെലക്ടീവ് ഡിസ്ക്ലോഷർ’ (Selective Disclosure) എന്ന ഫീച്ചറാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിലൂടെ ഓരോ തവണയും നിങ്ങളുടെ മുഴുവൻ ആധാർ വിവരങ്ങളും പങ്കിടേണ്ടതില്ല. സന്ദർഭത്തിനനുസരിച്ച് പേരോ പ്രായമോ പോലുള്ള അത്യാവശ്യ വിവരങ്ങൾ മാത്രം പങ്കിട്ടാൽ മതിയാകും.

“ഉപഭോക്താക്കൾക്ക് അവരുടെ ആധാർ വെരിഫിക്കബിൾ ക്രെഡൻഷ്യൽസ് നേരിട്ട് ഉപകരണത്തിലെ ഗൂഗിൾ വാലറ്റിൽ സംരക്ഷിക്കാൻ ഇനി സാധിക്കും.” ഗൂഗിൾ വാലറ്റ് ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ അലൻ സ്റ്റാപ്പൽബെർഗ് പറഞ്ഞു. ഇതൊരു സുരക്ഷിത ഡിജിറ്റൽ ഐഡി സൃഷ്ടിക്കുമെന്നും ദൈനംദിന കാര്യങ്ങൾക്കായി ഐഡന്റിറ്റി വെരിഫിക്കേഷൻ എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ആധാർ വിവരങ്ങൾ നിങ്ങളുടെ ഫോണിൽ തന്നെയാണ് സൂക്ഷിക്കപ്പെടുന്നത്. വ്യക്തിഗത വിവരങ്ങൾ അനാവശ്യമായി കൈമാറുന്നത് ഒഴിവാക്കിക്കൊണ്ട് വേഗത്തിലുള്ള വെരിഫിക്കേഷൻ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ മൈഗേറ്റ് (MyGate), സ്നാബിറ്റ് (Snabbit) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഗൂഗിൾ വാലറ്റ് വഴിയുള്ള ആധാർ വെരിഫിക്കേഷൻ ലഭ്യമാകുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആശ്വാസം, ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക- ഇറാൻ ധാരണ; ഈ ആഴ്ച ദോഹയിൽ ചർച്ച

സമാധാന കരാറിന് ശേഷം വീണ്ടും തുടങ്ങിവെച്ച സൈനിക ഏറ്റുമുട്ടലുകൾക്ക് വിരാമമിടാൻ അമേരിക്കയും...

പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ അനാസ്ഥ: പിണറായി വിജയന് കേരളത്തിലേക്കുള്ള വിമാനം നഷ്ടമായി

ന്യൂഡൽഹി : പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പ്രതിപക്ഷ നേതാവ് പിണറായി...

സമാധാനം അകലെ, പശ്ചിമേഷ്യ യുദ്ധഭീതിയിൽ തന്നെ!: കുവൈറ്റിലും ബഹ്റൈനിലും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം

ടെഹ്റാൻ : ഇറാനിലെ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ്...

സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; 19.8 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

തിരുവനന്തപുരം : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ്റെ ഭാഗമായി ഞായറാഴ്ച കേരളത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള...