രാഷ്ട്രീയ ലേഖകൻ
കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലം അധികാരത്തിലിരുന്ന , കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ട എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എം ഒരു തെറ്റു തിരുത്തല്‍ പ്രക്രിയയിലാണ്. താഴെത്തട്ടു മുതല്‍ പോളിറ്റ് ബ്യൂറോ വരെ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കപ്പുറം ഒരു തെറ്റുതിരുത്തല്‍ രേഖയക്ക് രൂപം നല്‍കുകയാണ് പാര്‍ട്ടി. കോഴിക്കോട്ട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതിയോഗം ഈ കരട് രേഖ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.
വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ രംഗത്ത് എറെ കുതിച്ചുചാട്ടം തന്നെ നടത്താനായ സര്‍ക്കാരിന് തുടര്‍ച്ച പ്രതീക്ഷിരുന്നിടത്ത്
്‌വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതാണ് പാര്‍ട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. രാഷ്ട്രീയവും സംഘടനാപരവുമായ ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ ഇത്തവണ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. ന്യൂനപക്ഷ സമുദായങ്ങളുടെ അകല്‍ച്ച, പാര്‍ട്ടിയുമായി അടുത്ത് നിന്ന ജനവിഭാഗങ്ങളിലും മേഖലകളിലും ഉണ്ടായ വോട്ടുചോര്‍ച്ച, പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയെന്ന് കരുതിയിരുന്ന കണ്ണൂര്‍ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലടക്കമുണ്ടായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച , മുന്‍ മന്ത്രിയായ മുതിര്‍ന്ന നേതാവ് തന്നെ വിമത സ്ഥാനാർത്ഥിയായി മാറിയ പാര്‍ട്ടിയിലെ പാര്‍ലമന്റെറി വ്യതിയാന പ്രവണതകള്‍, നേതൃത്വത്തിന്റെ വീഴ്ചകള്‍ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചു. പ്രതിപക്ഷ നിര 35 സീറ്റുകളിലേക്ക് വരെ ചുരുങ്ങിപ്പോവുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് നിന്നുള്ള എം.പിമാരുടെ എണ്ണം ഒന്നായി ചുരുങ്ങിയ സാഹചര്യത്തില്‍ രാജ്യസഭാ പ്രാതിനിധ്യം സി.പി.എമ്മിന് വളരെ പ്രധാനപ്പെട്ടതായി മാറി. രാജ്യസഭയിലേക്ക് ഒരംഗത്തെ തിരഞ്ഞെടുത്തയ്ക്കാനുള്ള അംഗ സംഖ്യ പോലും ലഭിക്കാത്ത വിധം പ്രതിസന്ധിയാണ് പാര്‍ട്ടിക്ക് സംസ്ഥാനത്ത് വന്നു ചേര്‍ന്നിരിക്കുന്നത്. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലെയും അധികാരനഷ്ടം സി.പി.എമ്മിന് ദേശീയാടിസ്ഥാനത്തില്‍ തന്നെ വലിയ തിരിച്ചടിയാണ് നല്‍കിയത്. വെറുമൊരു തിരഞ്ഞെടുപ്പ് തോല്‍വിയെന്നതിന് അപ്പുറം ഇടതുപക്ഷ രാഷ്ട്രീയത്തിന് കേരളീയ സമൂഹത്തിലുണ്ടായിരുന്ന മേല്‍ക്കൈയ്യാണ് നഷ്ടമായിരിക്കുന്നതെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു.
ബി.ജെ.പിക്ക് സംസ്ഥാന നിയമസഭയില്‍ മൂന്നു സീറ്റുകള്‍ ലഭിച്ച സാഹചര്യവും സി.പി.എം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവമായി കാണേണ്ടിയിരിക്കുന്നു. വെറുമൊരു തിരഞ്ഞെടുപ്പവലോകനത്തിനപ്പുറം പാര്‍ട്ടിയെ അടിമുടി മാറ്റങ്ങള്‍ക്ക് വിധേയമാക്കുക എന്ന് ലക്ഷ്യത്തോടെയാണ് ഒരു വിശാല സംസ്ഥാന സമിതി യോഗം വിളിച്ചു കൂട്ടാനും തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യാനും സി.പി.എം തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമിറ്റി അംഗങ്ങള്‍ക്ക് പുറമെ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ , വര്‍ഗബഹുജനസംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒമ്പത് പി.ബി.അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ഈ യോഗത്തിന് സി.പി.എം നല്‍കുന്ന പ്രാധാന്യം വെളിവാകുന്നു.
കനത്ത് തിരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ നയരൂപവത്ക്കരണത്തിനും തുടര്‍പ്രവര്‍ത്തനത്തിനും അടിസ്ഥാനമാകുന്ന നിര്‍ണ്ണായക രേഖയാണ് വിശാല സംസ്ഥാന സമിതിയോഗത്തിന്റെ പരിഗണനയ്ക്ക് വരുന്നത് എന്നാണ് സി.പി.എം നല്‍കുന്ന സൂചന. മുമ്പ് പലപ്പോഴും സംഭവിക്കാറുള്ള തൊലിപ്പുറത്തെ ചികില്‍സയല്ല, വലിയൊരു പൊളിച്ചെഴുത്തലിനാണോ രേഖ ലക്ഷ്യം വയ്ക്കുന്നതെന്ന് വരും ദിവസങ്ങളിലെ വ്യക്തമാകൂ. നേതൃമാറ്റമല്ല ലക്ഷ്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ആ ദിശയിലുള്ള നീക്കങ്ങള്‍ക്ക് അടുത്ത സംഘടനാ സമ്മേളനങ്ങള്‍ വരെ കാക്കേണ്ടി വരും. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തന ശൈലി, സംഘടനാ നയം, നേതൃത്വത്തിന്റെ ഉത്തരവാദിത്വം എന്നിവയില്‍ മാറ്റം നിര്‍ദ്ദേശിക്കുന്നുണ്ട് രേഖ. പാര്‍ട്ടിയിലെ ആന്തരിക ചികില്‍സ എന്നാണ് തെറ്റുതിരുത്തല്‍ പ്രക്രിയയെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി വിശേഷിപ്പിക്കുന്നത്. ആയുര്‍വ്വേദത്തിലെ ചവിട്ടിപ്പിഴിയല്‍, ധാര തുടങ്ങിയ ചികില്‍സകള്‍ക്ക് സമാനമായ ചികില്‍സാരീതിയാണ് തെറ്റുതിരുത്തല്‍ നടപടിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം, ജനങ്ങളുടെ ഹിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കല്‍, കൂട്ടായ പ്രവര്‍ത്തനം എന്നിവയിലെല്ലാം വന്ന പോരായ്മ പാര്‍ട്ടി തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഏറ്റു പറഞ്ഞിട്ടുള്ളതാണ്.
എന്നാല്‍, കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതിയോഗം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് പരാജയമല്ല, മറിച്ച് പാര്‍ട്ടി ശക്തമാക്കാന്‍ സ്വീകരിക്കേണ്ട നടപടികളാണ്. സി.പി.എമ്മിന്റെ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ ശരിയാവണ്ണം പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കേണ്ടതുണ്ടെന്ന് സി.പി.എം വിലയിരുത്തുന്നു. ജാതി, മത അടിസ്ഥാനത്തിലുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നത് പാര്‍ട്ടിയുടെ വോട്ട് ബാങ്കിനെ തകര്‍ക്കുകയാണെന്ന് തെറ്റുതിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ ഭരണമുണ്ടായ ബംഗാളിന് സമാനമായി ഭരണത്തുടര്‍ച്ചയുടെ ഘട്ടത്തില്‍ കേരളത്തിലും പാര്‍ട്ടിയും വര്‍ഗ്ഗ ബഹുജനസംഘടനകളും ദുര്‍ബ്ബലപ്പെട്ടുവെന്നാണ് സി.പി.എമ്മിന്റെ സ്വയം വിമര്‍ശനം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയതായി അവലോകന റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളെ കുറിച്ചല്ല ഇനി പോസ്റ്റ് മോര്‍ട്ടം. പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റത്തിലും തെറ്റുകളും പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്ന കേന്ദ്രക്കമ്മിറ്റി വിലിയിരുത്തലുകളുടെ ചുവടുപിടിച്ചാണ് തെറ്റുതിരുത്തല്‍ രേഖ. പാര്‍ട്ടി അണികളിലും വോട്ടര്‍മാരിലുമണ്ടായ അകല്‍ച്ച പരിഹാരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ച ശൈലിമാറ്റം തന്നെ തെറ്റു തിരുത്തല്‍ രേഖയില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അവലോകന റിപ്പോര്‍ട്ടിനെ കുറിച്ചുള്ള നേതാക്കളുടെ പ്രതികരണങ്ങളില്‍ ഭിന്നത പ്രകടമാകുന്നുണ്ട്. പരാജയത്തിന് കാരണം ജനങ്ങള്‍ക്ക് പറ്റിയ വീഴ്ചയാണെന്ന് പിണറായിയും എം.വി.ഗോവിന്ദനും പറയുമ്പോഴും ജനത്തിനല്ല, പാര്‍ട്ടിക്കാണ് വീഴ്ചകള്‍ സംഭവിച്ചതെന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ ബലപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയെന്ന പിണറായിയുടെ പ്രസ്താവനയെ ന്യായീകരിച്ച് എം.എ ബേബിയും ഒടുവില്‍ രംഗത്തു വന്നു.
തെറ്റു തിരുത്തല്‍ പ്രക്രിയയെ കുറിച്ച് പാര്‍ട്ടി വാചാലമാകുന്നുവെങ്കിലും മുന്‍ അനുഭവങ്ങള്‍ അത്ര പ്രതീക്ഷാ നിര്‍ഭരമായിരുന്നില്ലെന്ന് കാണാം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ജനങ്ങളെ കേള്‍ക്കാന്‍ ഒരു ജനസമ്പര്‍ക്ക് പരിപാടി നടത്തിയിരുന്നു സപി.എം. നേതാക്കള്‍ വരെ ഉള്‍പ്പെട്ട ജനസമ്പര്‍ക്ക പരിപാടിയെ തുടര്‍ന്ന് ചില ഭരണപരമായ നടപടികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പാക്കിയതൊഴിച്ചാല്‍ സംഘടനാപരമായ തിരുത്തലുകളുണ്ടായില്ല.
പാര്‍ട്ടിയുടെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ജനകീയാടിത്തറ വര്‍ദ്ധിപ്പിക്കാനുമായി സി.പി.എം. നടത്തുന്ന പ്രത്യേക സംഘടനാ സമ്മേളനങ്ങളായ പ്ലീനങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലും പാര്‍ട്ടി കാര്യമായ ശ്രദ്ധ നല്‍കിയില്ല. സാധാരണ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ നിന്ന് വ്യത്യസ്തമായി, രാഷ്ട്രീയ പ്രമേയങ്ങള്‍ക്കൊപ്പം സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക മാര്‍ഗ്ഗങ്ങളും തിരുത്തല്‍ നടപടികളുമാണ് പ്ലീനത്തില്‍ പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ തിരുത്താനുള്ള പ്ലീനങ്ങള്‍ ഫലം കണ്ടില്ലെന്ന്് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നതാണ്. കൊല്‍ക്കത്ത, പാലക്കാട് പ്ലീനങ്ങളുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നായിരുന്നു വിമര്‍ശനം.
എക്കാലവും പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന അടിസ്ഥാന വിഭാഗത്തെ ഒപ്പം നിര്‍ത്താനും മധ്യവര്‍ഗത്തെയും വിദ്യാര്‍ത്ഥിയുവജനങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന നയപരിപാടികള്‍ക്ക് രൂപം നല്‍കാനും പാര്‍ട്ടിക്കായിട്ടില്ല. ഉള്‍പ്പാര്‍ട്ടി വിഭാഗീയത അവസാനിപ്പിച്ചുവെങ്കിലും അതിനെടുത്ത നടപടികള്‍ ഫലത്തില്‍ പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവയ്ക്കുകയായിരുന്നു. തിരുത്തലുകള്‍ വാക്കിലും പ്രവൃത്തിയിലും ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. എല്ലാ വിഭാഗം ജനങ്ങളുമായും കൂടുതല്‍ ദൃഢമായ ബന്ധം സ്ഥാപിക്കുന്നതിലും അത് നിലനിര്‍ത്തുന്ന കാര്യത്തിലും വീഴ്ചയുണ്ടായതായി എന്നതടക്കമുള്ള പോരായ്മകള്‍ പാര്‍ട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇവയൊക്കെ സിപിഎമ്മിന്റെ സമ്മേളന രേഖകളിലും സംഘടനാ പ്ലീനങ്ങളുടെ റിപ്പോര്‍ട്ടുകളിലും ചര്‍ച്ചചെയ്തു തീരുമാനിച്ചിട്ടുള്ള, തെറ്റുതിരുത്തലുമായി ബന്ധപ്പെട്ട നടപടികളാണ്. എന്നാല്‍ കാര്യമായ തിരുത്തലുകള്‍ വരുത്തേണ്ട തലങ്ങള്‍ ബാക്കിയാണ്. തെറ്റുതിരുത്തല്‍ സത്യത്തില്‍ ഒരു തുടര്‍പ്രക്രിയയാണ്. അത്തരം തീരുമാനങ്ങളിലൂടെ ഒരു പുതിയ രാഷ്ട്രീയ ദിശാബോധം സൃഷ്ടിക്കാന്‍ സി.പി.എമ്മിന് കഴിയുമോ എന്നതാണ് വരുംദിവസങ്ങളില്‍ വ്യക്തമാകേണ്ടത്!
