മുംബൈ: അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികൾക്കെതിരായി ആരംഭിച്ച നിയമനടപടികൾ അവസാനിപ്പിച്ച് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി. കമ്പനികളിൽ നിന്ന് സംയുക്തമായി ഒന്നരക്കോടി രൂപ (1.5 കോടി രൂപ) ഒത്തുതീർപ്പ് തുകയായി ഈടാക്കിയാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടപടികൾ തീർപ്പാക്കിയത്
ഹിൻഡൻബർഗ് റിസേർച്ച് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയ അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡ് (പഴയ അദാനി വിൽമർ ലിമിറ്റഡ്), അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് (പഴയ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്) എന്നീ അഞ്ച് കമ്പനികൾക്കെതിരായ നടപടികളാണ് സെബി അവസാനിപ്പിച്ചത്.
ലിസ്റ്റിങ് ചട്ടങ്ങളുടെയും കോർപ്പറേറ്റ് ഭരണനിർവ്വഹണ മാനദണ്ഡങ്ങളുടെയും ലംഘനം, അനുബന്ധ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളിലെ വെളിപ്പെടുത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട് അദാനി പോർട്സ്, അദാനി പവർ ഉൾപ്പെടെ ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് സെബി പരിശോധന നടത്തിയത്. ഇതിൽ അഞ്ച് കമ്പനികൾക്കെതിരെയാണ് വീഴ്ചകൾ കണ്ടെത്തി 2024 ഫെബ്രുവരിയിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
2012-13 സാമ്പത്തിക വർഷത്തിൽ അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനിയായ അദാനി എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും വകോദർ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും തമ്മിൽ നടത്തിയ ഇടപാടുകൾ വാർഷിക റിപ്പോർട്ടിൽ കൃത്യമായി വെളിപ്പെടുത്തിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. കൂടാതെ, അദാനി എന്റർപ്രൈസസിന്റെ ചില ഓഡിറ്റ്, ലിമിറ്റഡ് റിവ്യൂ റിപ്പോർട്ടുകളിൽ ഒപ്പുവെച്ച ധർമേഷ് പരീഖ് ആൻഡ് കമ്പനി, ഷാ ദണ്ഡാരിയ ആൻഡ് കമ്പനി എന്നീ ഓഡിറ്റർ സ്ഥാപനങ്ങൾക്ക് സാധുവായ പിയർ റിവ്യൂ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ സാധുവായ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഓഡിറ്റർമാർ റിപ്പോർട്ടുകൾ നൽകിയെന്ന ആരോപണമാണ് മറ്റ് നാല് കമ്പനികൾക്കെതിരെയും ഉയർന്നുവന്നത്.
