ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍. തുടർന്ന് വിഷയത്തിൽ വിജയ് സർക്കാരിനോട് ഗവർണർ രാജേന്ദ്ര അർലേക്കർ വിശദീകരണം ആവശ്യപ്പെട്ടു. എല്ലാ രേഖകളും ലോകഭവന് ഉടന്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
സുപ്രീംകോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ദീപത്തൂണിൽ ദീപം തെളിയിക്കാത്തതിനെതിരെ ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡന്റ് കാടേശ്വര സുബ്രഹ്മണ്യൻ ബുധനാഴ്ച രാജേന്ദ്ര അർലേക്കറെ കണ്ട് പരാതി നൽകിയിരുന്നു. സുപ്രീംകോടതിയുടെ നവംബർ 20 ലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കെതിരെ നടപടിയെടുക്കണമെന്നും സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദീപത്തൂണ്‍ സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ കഴിഞ്ഞില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ക്ഷേത്ര ഭരണസമിതി അനുമതി നല്‍കാത്തതാണ് ചടങ്ങ് നടത്താന്‍ കഴിയാതിരുന്നതിന് കാരണമായി സര്‍ക്കാര്‍ നൽകിയ വിശദീകരണം. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി അനുമതി നല്‍കിയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതോടെ ദീപത്തൂണില്‍ ദീപം തെളിക്കാതെ പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തില്‍ മാത്രമാണ് ചൊവ്വാഴ്ച ദീപം തെളിച്ചത്.
ഹര്‍ജിക്കാരനായ രാമ രവികുമാര്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു. ദീപത്തൂണില്‍ ദീപം തെളിക്കുന്നത് തടയാന്‍ ക്ഷേത്ര ട്രസ്റ്റിനെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സ്വമേധയാ നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഔദ്യോഗിക ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ച കോടതി, ആവശ്യമെങ്കില്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. ഉടന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ കോടതിയെ അറിയിച്ചു.
ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന ചെറിയ സംഘത്തിന് നവംബര്‍ 24ന് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ സുപ്രീംകോടതി നവംബര്‍ 20ന് അനുമതി നല്‍കിയിരുന്നു. ചടങ്ങുകള്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും മൂന്ന് ദിവസത്തിനകം അനുസരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ദീപം പതിവായി ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമാണ് തെളിയിക്കുന്നതെന്നും ട്രസ്റ്റികള്‍ ഏകകണ്ഠമായി നിലവിലുള്ള ആചാരങ്ങള്‍ പിന്തുടരാന്‍ തീരുമാനിച്ചെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി. ദീപത്തൂണ്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സര്‍വ്വെ കല്ലാണെന്നും സമിതി വാദിച്ചു.
