തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തിറങ്ങി. മലയോര ജില്ലകളിലും ഉയർന്ന പ്രദേശങ്ങളിലും സമാനമായ മഴ എത്തി. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ അറിയിപ്പ് പ്രകാരം അടുത്ത മൂന്നുമണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഞ്ഞ അലെർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്
