ഇടുക്കി: ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം ആദ്യദിനം ഫലം കണ്ടില്ല. വനംവകുപ്പ് ദൗത്യസംഘം ആദ്യ ഡോസ് മയക്കുവെടി വെച്ചിട്ടും ചക്കക്കൊമ്പൻ മയങ്ങിയില്ല. രണ്ടാമതും മയക്കുവെടി വെയ്ക്കാൻ ദൗത്യസംഘം ശ്രമം നടത്തിയെങ്കിലും ആന കാടുകയറി. തുടർന്ന് കാലാവസ്ഥ കൂടി പ്രതികൂലമായതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയും മൂടൽമഞ്ഞുമുണ്ട്.
ബുധനാഴ്ച രാവിലെ മുതൽ മയക്കുവെടി വെയ്ക്കാൻ വനംവകുപ്പ് വലിയ പരിശ്രമം നടത്തിയെങ്കിലും ആന 301 കോളനിയിലെ ചതുപ്പുനിലത്തിൽ ഉറച്ചുനിന്നതും കനത്ത മഴയും തിരിച്ചടിയായി. പിന്നീട് ഉച്ചകഴിഞ്ഞ് പടക്കം പൊട്ടിച്ച് ഇവിടെ നിന്ന് ആനയെ സുരക്ഷിത ഇടത്തിലേക്ക് മാറ്റാനുള്ള ദൗത്യ സംഘത്തിൻ്റെ ശ്രമം ഫലവത്തായി. മൂന്നേമുക്കാലോടെ സിങ്കുകണ്ടത്തിന് സമീപം ഓമനക്കുടി ഭാഗത്തെ പുൽമേട്ടിൽ വെച്ചാണ് ആദ്യ ഡോസ് മയക്കുവെടിവെയ്ക്കാനായത്. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി റേഡിയോ കോളർ ഘടിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ. എന്നാൽ, മയക്കുവെടിയേറ്റിട്ടും ആന മയങ്ങാതെ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
വിദേശത്തുനിന്നെത്തിച്ച അഞ്ച് കിലോ ഭാരമുള്ള ജി.പി.എസ്. റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൻ്റെ സഹായത്തോടെ ആനയുടെ സഞ്ചാരം തുടർച്ചയായി നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്കുള്ള ആനയുടെ വരവ് മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും വനംവകുപ്പിന് സാധിക്കും
വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (ആർആർടി), എലിഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. മൂന്നാർ ഡിഎഫ്ഒ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. ഡോ. വിഷ്ണു ഓമനക്കുട്ടൻ (വയനാട്), അർജുൻ സി.പി. (മലയാറ്റൂർ), അനൂപ് മാത്യൂസ് (കോട്ടയം), അശ്വിൻ കെ.എസ്. (ഷോള നാഷണൽ പാർക്ക്) എന്നീ നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ പ്രത്യേക സംഘം ദൗത്യത്തിന്റെ ഭാഗമാണ്.
