മധുര : സുപ്രീം കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവുകൾ മറികടന്ന് തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാതെ വിജയ് സർക്കാർ. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ പരമ്പരാഗതമായി ദീപം തെളിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിൽ തന്നെയാണ് ഇത്തവണയും ദീപം തെളിച്ചത്. എംകെ സ്റ്റാലിൻ്റെ ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ തവണ സ്വീകരിച്ചതിന് സമാനമായ നടപടിയാണ് വിജയ് സര്‍ക്കാരും സ്വീകരിച്ചത്. വിഷയത്തിൽ ടിവികെ സർക്കാരിനെതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധിച്ച മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെ മുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
നവംബർ 20-നാണ് തിരുപ്പറങ്കുൻട്രം കുന്നിൻ്റെ മുകളിൽ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്ക്ക് 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി ഇടക്കാല അനുമതി നൽകിയത്. ഇതിനെതിരെ തമിഴ്‌നാട് സർക്കാർ പുന:പരിശോധനാ ഹർജി നൽകിയിരുന്നെങ്കിലും കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തോട് കർശനമായി നിർദ്ദേശിച്ചു. എന്നാൽ കോടതി ഉത്തരവ് വിജയ് സർക്കാർ വകവെച്ചില്ല.
ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള പരമ്പരാഗത ദീപമണ്ഡപത്തിൽ ദീപം തെളിച്ചതായി നിയമമന്ത്രി ആർ. നിർമ്മൽ കുമാർ അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണിതെന്നും സർക്കാർ ഇതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി വെല്ലുവിളിച്ചു.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് തിരുപ്പറങ്കുൻട്രത്തും പരിസരത്തുമായി 12 എസ്പിമാരുടെ നേതൃത്വത്തിൽ 5,600-ലധികം പൊലീസുകാരെ വിന്യസിച്ചിരുന്നു. ദീപത്തൂണിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് കാവൽ ഏർപ്പെടുത്തി. മധുരയിലേക്ക് പോകാൻ ശ്രമിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ തിരുനെൽവേലിയിൽ വീട്ടുതടങ്കലിലാക്കി. ശിവഗംഗയിലും നിരവധി ബിജെപി ആർഎസ്എസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. മധുര കലക്ടർ നിഷാന്ത് കൃഷ്ണ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, ഉത്സവത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിച്ച ആർഎസ്എസിനും കൂട്ടർക്കും നിരാശ മാത്രമാണ് ഫലമെന്നും ദീപം തെളിക്കേണ്ട സ്ഥലത്തുതന്നെ തെളിച്ചുവെന്നും കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷൻ മാണിക്കം ടാഗോർ പ്രതികരിച്ചു.
തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കലിൽ വിജയ് യുടെ ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഐഎമ്മും രംഗത്തെത്തി. സംഘപരിവാർ പ്രകോപനങ്ങളിൽ സർക്കാർ വീണില്ല. യഥാർത്ഥ ഭക്തരുടെ വികാരങ്ങളെ മാനിച്ച്, ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ മണ്ഡപത്തിൽ പതിവുപോലെ ദീപം തെളിയിച്ചതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
