ഇടുക്കി : ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഇതുവരെ നാലുപേരെ കൊലപ്പെടുത്തിയ ആനയാണ് ചക്കക്കൊമ്പൻ. ദൗത്യത്തിൻ്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 1, 2, 9, 10, 11, 12 വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കും.
നാല് ഡോക്ടർമാർ അടങ്ങുന്ന വനംവകുപ്പിന്റെ സംഘമാണ് ചക്കക്കൊമ്പൻ ദൗത്യത്തിനായി ചിന്നക്കനാലിൽ സജ്ജരായിരിക്കുന്നത്. വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും. ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേർന്ന് ഒത്തുചേരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട് .
ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണം. കാട്ടാനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടരുത്. വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ ഉത്തരവിറക്കി.
ആനയെ പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്തും സമീപ മേഖലകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലും ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുന്നതുവരെ നിരോധനം തുടരും.
ചക്കക്കൊമ്പൻ ദൗത്യത്തിൻ്റെ മോക്ഡ്രിൽ ഇന്നലെ നടത്തിയായിരുന്നു. സിമൻ്റുപാലം മേഖലയിലായിരുന്നു ദൗത്യസംഘത്തിൻ്റെ മോക്ഡ്രിൽ. ആദ്യം ഡ്രോണും മറ്റു സംവിധാനങ്ങളുമായി ഒരുസംഘം ബിഎൽറാം മേഖലയിലേക്ക് പോയി. പരിശോധനകൾക്കുശേഷം ആദ്യ കുങ്കിയാന ഭരത്തിനെ ആ ഭാഗത്തേക്ക് കൊണ്ടുപോയി. പിന്നാലെ മയക്കുവെടിസംഘവും ആനയുടെ ശരീരം തണുപ്പിക്കാനുള്ള വെള്ളവുമായി മൊബൈൽ ടാങ്കർ യൂണിറ്റും പോയി. മയക്കുവെടി വെക്കാനുള്ള സമയത്തിനുശേഷം രണ്ടാമത്തെ കുങ്കിയാന വിക്രമും സംഭവസ്ഥലത്തെത്തി. കോളർ ധരിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ സംഘം അവലോകനംചെയ്തു. ഒരുമണിക്കൂറോളം മോക്ഡ്രിൽ നീണ്ടു.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ നവംബർ 25 ന് രാവിലെ ഏഴ് മുതൽ ആവശ്യമായ ഡോക്ടർമാർ, നഴ്സിങ് ജീവനക്കാർ, ആംബുലൻസ് സൗകര്യം, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ചക്കക്കൊമ്പൻ നിലവിൽ 301 കോളനിയുടെ ഭാഗത്ത് എൺപത് ഏക്കറിലെ കൃഷിയിടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. വെടിവയ്ക്കാൻ ഈ പ്രദേശം അനുയോജ്യമല്ല. ഇവിടെ നിന്ന് സിമൻ്റ് പാലത്തിന് സമീപത്തുള്ള തുറസ്സായ സ്ഥലത്ത് ചക്കക്കൊമ്പൻ എത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ദൗത്യം ബുധനാഴ്പ തന്നെ പൂർത്തിയാക്കും. അല്ലെങ്കിൽ ദൗത്യം നീളും.
