ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. ലോഗിൻ ചെയ്ത അക്കൗണ്ടുകൾ ലോഗൗട്ട് ചെയ്യാൻ മറക്കുന്നത് വലിയ സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് വാട്‌സ്ആപ്പ് വെബ് ഉപയോഗവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ തട്ടിപ്പുകാരുടെ കൈകളിലെത്താമെന്നും, സ്വകാര്യ സന്ദേശങ്ങളും കോൺടാക്റ്റുകളും ഗ്രൂപ്പ് ചാറ്റുകളും ചോരാൻ സാദ്ധ്യതയുണ്ടെന്നുമാണ് നിർദ്ദേശത്തിലുള്ളത്.
വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരിൽ പലരും ഉപയോഗശേഷം ബ്രൗസർ ടാബ് ക്ലോസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്തതുകൊണ്ട് അക്കൗണ്ട് ലോഗ് ഔട്ട് ആകില്ല. പിന്നീട് ഇതേ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കോ, സൈബർ തട്ടിപ്പുകാർക്കോ ഈ അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും. ഇതുവഴി സ്വകാര്യ ചാറ്റുകൾ വായിക്കാനും, കോൺടാക്റ്റ് വിവരങ്ങൾ ചോർത്താനും, സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാദ്ധ്യതയുണ്ട്.
ഓഫീസ് കമ്പ്യൂട്ടറുകൾ, നെറ്റ് കഫേകൾ, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഇത്തരം കമ്പ്യൂട്ടറുകൾ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടി വന്നാൽ ‘ഇൻകോഗ്നിറ്റോ’ മോഡ് ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, ബാങ്ക് വിവരങ്ങളോ ഔദ്യോഗിക രേഖകളോ പോലുള്ളവ വാട്‌സ്ആപ്പ് വെബ് വഴി കൈമാറുന്നതും ഒഴിവാക്കണം.
പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ: കൃത്യമായി ലോഗൗട്ട് ചെയ്യുക: ഓഫീസ് കമ്പ്യൂട്ടറുകളിലോ മറ്റുള്ളവർ ഉപയോഗിക്കുന്നവയിലോ വാട്‌സ്ആപ്പ് വെബ് സ്ഥിരമായി ലോഗിൻ ചെയ്തിടരുത്. ബ്രൗസർ വിൻഡോവെറുതെ ക്ലോസ് ചെയ്യുന്നതിന് പകരം, ഓരോതവണ ഉപയോഗിച്ച് കഴിയുമ്പോഴും ലോഗൗട്ട് ചെയ്യുന്നത് ശീലമാക്കുക.
പൊതു ഇടങ്ങളിൽ വാട്‌സ്ആപ്പ് വെബ്ഉപയോഗിക്കരുത്: സൈബർ കഫേകൾ, പബ്ലിക് കിയോസ്കുകൾ, ഹോട്ടൽ ബിസിനസ് സെൻ്ററുകൾ, മറ്റുള്ളവരിൽ നിന്ന് കടം വാങ്ങുന്ന കമ്പ്യൂട്ടറുകൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ലോഗിൻ ചെയ്യരുത്.
ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുക: വിശ്വസ്തമായ കമ്പ്യൂട്ടറിൽ താൽക്കാലിക ആവശ്യങ്ങൾക്ക് വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വന്നാൽ ബ്രൗസറിലെ ‘ഇൻകോഗ്നിറ്റോ’ മോഡ് ഉപയോഗിക്കുക. ബ്രൗസർ ക്ലോസ് ചെയ്യുന്നതിന് മുൻപ് ഇതിൽ നിന്ന് ലോഗൗട്ട് ചെയ്യണം. ഇൻകോഗ്നിറ്റോ മോഡ് ഒരു അധിക സുരക്ഷാ മുൻകരുതൽ മാത്രമാണ്. അതുകൊണ്ട് തന്നെ ലോഗൗട്ട് ചെയ്യേണ്ടത് ആവശ്യമാണ്.
രഹസ്യ വിവരങ്ങൾ പങ്കുവെക്കരുത്: കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് വഴി സർക്കാർ നിർബ്ബന്ധമായതോ, ഔദ്യോഗികമോ, സാമ്പത്തികമോ ആയ രഹസ്യ വിവരങ്ങൾ കൈമാറുന്നത് ഒഴിവാക്കണം. ഔദ്യോഗികവും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമായ തൊഴിലിടങ്ങളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സ്ഥാപനങ്ങൾക്കും നിർദ്ദേശമുണ്ട്
നിങ്ങൾ അയക്കാത്ത സന്ദേശങ്ങൾ അക്കൗണ്ടിൽ കാണുകയോ, കോൺടാക്റ്റുകളിൽ നിന്ന് അപ്രതീക്ഷിത മറുപടികൾ ലഭിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക. അക്കൗണ്ടിലെ അസ്വാഭാവിക നീക്കങ്ങൾ എപ്പോഴും നിരീക്ഷിക്കണം.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക: കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസറുകൾ, ആൻ്റിവൈറസ്/സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിൽ അസ്വാഭാവികമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൊബൈലിലെ വാട്‌സ്ആപ്പ് ആപ്പിൽ ‘Linked Devices’ പരിശോധിക്കുകയും, സംശയാസ്പദമായ ഡിവൈസുകൾ നീക്കം ചെയ്യുകയും വേണം. സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ ‘1930’ എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ ‘cybercrime.gov.in’ എന്ന പോർട്ടൽ വഴിയോ പരാതി നൽകണം.
