തിരുവനന്തപുരം/ഹൈദരാബാദ്: കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടേയും പ്രവര്‍ത്തനശൈലിയെച്ചൊല്ലി ഇരുസംസ്ഥാന കോണ്‍ഗ്രസിലും ഭിന്നത. അധികാരത്തിലേറി മൂന്ന് വർഷം പിന്നിടുമ്പോഴാണ് തെലങ്കാന കോൺഗ്രസ്സിനുള്ളിൽ ഭിന്നതകൾ മറനീക്കി പുറത്തുവരുന്നതെങ്കിൽ കേരളത്തിലത് ആറു മാസം തികയ്ക്കുന്നതിന് മുൻപെ ഉടലെടുത്തു എന്നതാണ് ഏറെ കൗതുകം.
കേരളത്തിൽ പാര്‍ട്ടിക്കുള്ളില്‍ ഏകോപനവും കൂടിയാലോചനയും ഇല്ലെന്ന ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു കഴിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫ്, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് ന്യൂഡല്‍ഹിയിലെത്തി ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിക്കുള്ളിലെ ഏകോപനം മെച്ചപ്പെടുത്തുന്നതിനും എല്ലാ നേതാക്കളെയും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ പങ്കാളികളാക്കുന്നതിനും നിരവധി നിര്‍ദ്ദേശങ്ങൾ സമർപ്പിച്ചെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞത്. എല്ലാവരോടും കൂടിയാലോചിക്കാന്‍ നേതൃത്വം ബോധപൂര്‍വമായ ശ്രമം നടത്തണം. തങ്ങളുടെ ആശങ്കകള്‍ ഖാര്‍ഗെ കേട്ടെന്നും സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെന്നും ഇവർ വ്യക്തമാക്കി. പുതിയ കെപിസിസി അദ്ധ്യക്ഷനെ നിയമിക്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും വിവരമുണ്ട്.
പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍, ഗുരുവായൂര്‍ ദേവസ്വം, വിവിധ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച കെപിസിസി അദ്ധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, സംസ്ഥാനത്തെ സംഭവവികാസങ്ങളെക്കുറിച്ച് എഐസിസിക്ക് അറിയാമെന്നും ഉചിതമായ തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് കഴിയുമെന്നും പറഞ്ഞു.
ഒരു മാസം മുൻപ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സതീശന്റെ പ്രവര്‍ത്തനശൈലിയെച്ചൊല്ലി നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതോടെ വിഡി സതീശനെ പിന്തുണയ്ക്കുന്ന വിഭാഗവും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും തമ്മിലുള്ള രാഷ്ട്രീയ അധികാരത്തര്‍ക്കമായി ഭിന്നത വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സജീവമല്ലാതിരുന്ന എ ഗ്രൂപ്പും പാര്‍ട്ടിയിലെ പ്രധാന ചര്‍ച്ചകളില്‍ തങ്ങളെ മാറ്റിനിര്‍ത്തുന്നുവെന്ന ആരോപണവുമായി കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം സ്വന്തം പാർട്ടിയിലെ വിമർശകരെ ‘ പേ പിടിച്ചവർ ‘ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെയാണ് സംസ്ഥാന കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹത്തിൻ്റെ രൂക്ഷത പുറത്ത് വിട്ടത്. സിദ്ദിപേട്ടിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡി സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. സർക്കാരിന്റെ പോരായ്മകൾ പൊതുവേദികളിൽ മൈക്കിലൂടെ വിളിച്ചുപറയുകയും, നല്ല കാര്യങ്ങൾ തന്റെ വീട്ടിൽ വന്ന് ചെവിയിൽ സ്വകാര്യമായി പറയുകയും ചെയ്യുന്നവർക്ക് ‘പേ പിടിച്ചതാണോ’ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രവർത്തനശൈലിക്കെതിരെ സിറ്റിംഗ് എം എൽ എമാർ, എം പിമാർ, മന്ത്രിമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർക്കിടയിൽ അതൃപ്തി പുകയുകയാണ്. വികസന ഫണ്ടുകൾ വിതരണം ചെയ്യുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മുനുഗോഡ് എം എൽ എ കോമട്ടിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ കൊടങ്കലിനും മന്ത്രിമാരുടെ മണ്ഡലങ്ങൾക്കും മാത്രമാണ് ഫണ്ട് നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് എം എൽ എമാർ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കുപോലും ബുദ്ധിമുട്ടുകയാണെന്നും മുനുഗോഡ് എംഎൽഎ പറഞ്ഞു. ഈ വിവേചനം തുടർന്നാൽ മറ്റൊരു രാഷ്ട്രീയ ‘കുരുക്ഷേത്രത്തിന്’ തന്നെ കളമൊരുങ്ങുമെന്നുമുള്ള മുന്നറിയിപ്പും കോമട്ടിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി നൽകിയിട്ടുണ്ട്.
