തിരുവനന്തപുരം : സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ പ്രാഗിലേക്കുള്ള യാത്ര കേന്ദ്രാനുമതി തേടാതെയാണെന്ന് റിപ്പോർട്ട്. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്കുള്ള കെ എം ഷാജിയുടെ യാത്ര മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് പറയുന്നു. അനുമതിയില്ലാതെ 2026 സെപ്തംബര്‍ 20 ന് മന്ത്രി നടത്തിയ പ്രാഗ് യാത്രയിൽ വിവാദ മദ്യ വ്യവസായി ജോണ്‍ സേവ്യറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു എന്നത് ഏറെ ദുരൂഹതകൾക്ക് വഴിവെയ്ക്കുന്നു.
സെപ്തംബര്‍ 16 മുതല്‍ 26 വരെ നടത്തിയ യൂറോപ്യന്‍ യാത്രയില്‍ ഓസ്ട്രേലിയ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിരുന്നു പൊളിറ്റിക്കല്‍ ക്ലിയറന്‍സ് തേടിയത്. ഇതില്‍ പ്രാഗ് ഉള്‍പ്പെട്ടിരുന്നില്ലെന്ന് വ്യക്തമാകുന്ന രേഖ റിപ്പോര്‍ട്ടർ ചാനൽ പുറത്ത് വിട്ടിരുന്നു. ഈ മൂന്ന് രാജ്യങ്ങളുടെ സന്ദര്‍ശനവിവരം മാത്രമാണ് മന്ത്രി മുഖ്യമന്ത്രിയെയും അറിയിച്ചതെന്നാണ് വിവരം. ചെക്ക് റിപബ്ലിക്കിയിലേക്ക് യാത്ര നടത്തിയ മന്ത്രി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്തിനാണ് മന്ത്രി പ്രാഗ് യാത്ര ഒളിച്ചുവെച്ചതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. യാത്രയുടെ ചെലവുകള്‍ ആരാണ് വഹിച്ചതെന്നും സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നോയെന്നും പ്രതിപക്ഷം ഉയര്‍ത്തുന്നു.മന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് ടെക്‌നിക്കാലിറ്റികള്‍ ഉണ്ടാകുമെന്നും അത് അതിന്റെ വഴിക്ക് നടക്കുമെന്നുമായിരുന്നു വിവാദത്തില്‍ കെ എം ഷാജിയുടെ പ്രതികരണം.
