കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായും ആദരവോടെയും പെരുമാറണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഏത് സാഹചര്യത്തിലും ഭക്തരോട് ദേഷ്യപ്പെടാനോ മോശമായി പെരുമാറാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കുണ്ടെങ്കിലും അതിന്റെ പേരിൽ ഭക്തരുമായി തർക്കത്തിലേർപ്പെടരുത്. ഇത്തരം തർക്കങ്ങൾ ക്ഷേത്രത്തിന്റെ പവിത്രമായ അന്തരീക്ഷത്തെ ബാധിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ദർശനത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ ഭക്തർ ആഗ്രഹിച്ചേക്കാം. എന്നാൽ കാത്തുനിൽക്കുന്ന മറ്റ് ഭക്തരുടെ സൗകര്യവും പരിഗണിക്കേണ്ടതുണ്ട്. ഭക്തരും ജീവനക്കാരും പരസ്പരം മാന്യതയും മര്യാദയും പാലിക്കണം. ഭക്തരിൽനിന്നുള്ള പരാതികളെത്തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജികൾ തീർപ്പാക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.
