തിരുവനന്തപുരം : വിഇഎച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് പതിനൊന്ന് രൂപ നിരക്കിലാണെങ്കിലും കേരളത്തിലെത്തിയപ്പോള്‍ വില പന്ത്രണ്ട് രൂപ അന്‍പത്തി അഞ്ച് പൈസയായെന്ന് കെഎസ്ഇബി. റെഗുലേറ്ററി കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കിയത് .
വിഇഎച്ച് ഗ്ലോബലുമായുള്ള കരാര്‍ പ്രകാരം യൂണിറ്റിന് 11 രൂപയാണ് വൈദ്യുതി വില. ഇതു കേരളത്തിലെത്തിക്കാന്‍ പ്രസരണ നിരക്കായി യൂണിറ്റിന് 1.55 രൂപ കൂടി നല്‍കേണ്ടിവന്നതോടെയാണ് വൈദ്യുതി വില യൂണിറ്റിന് 12.55 രൂപയായി വർദ്ധിച്ചത്. ഇതനുസരിച്ച് പ്രസരണ നിരക്കില്‍ മാത്രം കെഎസ്ഇബിക്കു നഷ്ടം 92 ലക്ഷം രൂപ.
എന്നാല്‍ ട്രേഡിങ് മാര്‍ജിന്‍ ഉള്‍പ്പെടെയാണോ 11 രൂപ വില നിശ്ചയിച്ചത് എന്ന ചോദ്യത്തിന് വ്യക്തതയില്ലെന്നാണ് കെഎസ്ഇബിയുടെ മറുപടി. വിഇഎച്ച് ഗ്ലോബലിന് വൈദ്യുതി വ്യാപാരം നടത്താനുള്ള ട്രേഡിങ് ലൈസന്‍സുണ്ടെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും ആ നിലയിലാണോ കരാര്‍ എന്ന ചോദ്യത്തിനും മറുപടിയില്ല. കഴിഞ്ഞ ദിവസമാണ് വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കിയത്. അതേസമയം, മറുപടിയില്‍ അവ്യക്തത ഉണ്ടെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കുന്നു.
കെഎസ്ഇബിയുടെ വിശദീകരണം വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും കമ്മീഷന്‍ തുടര്‍നടപടികളിലേക്ക് കടക്കുക. പൊതുതെളിവെടുപ്പ് കഴിഞ്ഞിട്ടായിരിക്കും കരാറിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാവുക. ഇതോടൊപ്പം, ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കരാറുകളും വൈദ്യുതി വാങ്ങലിനായി നടത്തിയ ടെന്‍ഡറുകളും
പുന:പരിശോധക്കാനുള്ള തീരുമാനത്തിലാണ് കെഎസ്ഇബി എംഡി എന്നറിയുന്നു.
