Friday, November 20, 2026

കർണാടകയിൽ മതപരിവർത്തന നിരോധനവും ഗോവധ നിരോധനവും റദ്ദാക്കാൻ നീക്കം; എതിർപ്പുമായി ബിജെപി

Date:

ബംഗളൂരു : കർണാടകയിൽ  മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും റദ്ദാക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ഈ നിയമങ്ങൾ നിരോധിക്കാനുള്ള നീക്കത്തെ ബിജെപി ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിൽ വരൾച്ച , വിലക്കയറ്റം , ഭരണപരാജയം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയങ്ങൾ നിയമസഭാ സമ്മേളനത്തിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നും അശോക പറഞ്ഞു.

പാൽ വിലയും കെഎസ്ആർടിസി ബസ് നിരക്കും വർദ്ധിപ്പിച്ചത് ജനങ്ങൾക്ക് വലിയ ഭാരമായെന്ന് അശോക കുറ്റപ്പെടുത്തി. കോർപ്പറേഷന് നൽകാനുള്ള 5,000 കോടി രൂപ കൃത്യസമയത്ത് നൽകിയിരുന്നെങ്കിൽ ബസ് നിരക്ക് വർദ്ധനവ് ഒഴിവാക്കാമായിരുന്നു. മാർച്ചിലെ ബജറ്റിൽ സർക്കാരിന് ഏകദേശം 1.5 ലക്ഷം കോടി രൂപ കടമെടുക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്റെ ഔദ്യോഗിക വസതിയായ ‘ഗംഗാ കൃപ’യ്ക്കായി പണം ചെലവഴിച്ചുവെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

സർക്കാരിന്റെ അഞ്ച് ഗ്യാരണ്ടി പദ്ധതികൾക്ക് പണം കണ്ടെത്താനായി ജനങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ്, ബിജെപി ഈ പദ്ധതികൾക്ക് എതിരല്ലെന്നും, എന്നാൽ അധിക നികുതിയിലൂടെയല്ല ഇതിന് പണം കണ്ടെത്തേണ്ടതെന്നും പറഞ്ഞു. പാപ്പരായ സർക്കാരിന് സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും നൽകാൻ കഴിയുന്നില്ല. ഫണ്ട് അനുവദിക്കാൻ ഏകദേശം ഒരു മാസത്തോളം വൈകിയതിനാൽ ഹാവേരിയിലെ ഗ്രാമവാസികൾ പണം പിരിച്ചാണ് സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകാനും, അവർക്ക് സൈനിക പരിശീലനം നൽകാനുമുള്ള സർക്കാർ തീരുമാനത്തെ അശോക രൂക്ഷമായി വിമർശിച്ചു. ന്യൂനപക്ഷങ്ങൾക്ക് മാത്രമായി 60 ദിവസത്തെ ആർമി പരിശീലന പരിപാടിക്ക് കോൺഗ്രസ് സർക്കാർ ടെൻഡർ ക്ഷണിച്ചതായും, സൈനിക റിക്രൂട്ട്‌മെന്റ് മതത്തിന്റെ അടിസ്ഥാനത്തിലല്ല നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വോട്ടിന് വേണ്ടി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

മറ്റ് സമുദായങ്ങളെ അവഗണിച്ചുകൊണ്ട് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മാത്രം ലാപ്‌ടോപ്പിനായി 50,000 രൂപ നൽകുകയാണെന്നും, ഓരോ വർഷവും ന്യൂനപക്ഷങ്ങൾക്കുള്ള വിഹിതം വർദ്ധിക്കുമ്പോൾ മറ്റ് സമുദായങ്ങൾക്കുള്ള വിഹിതം കുറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് കോൺഗ്രസിന്റെ ‘വോട്ട് ബാങ്ക് രാഷ്ട്രീയ’മാണെന്നും അശോക കുറ്റപ്പെടുത്തി.

Share post:

Popular

More like this
Related

അവഗണന; ബിജെപിയില്‍ നിന്ന് പത്മിനി തോമസും പടിയിറങ്ങി, തിരികെ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള...

തിരുവില്വാമല പുനർജനി നൂഴൽ നാളെ

പാലക്കാട് : തിരുവില്വാമലയിലെ പുനർജനി നൂഴൽ നവംബർ 21-ന് ശനിയാഴ്ച നടക്കും....