തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം രാജിവെച്ചു. ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും പത്മജ പറഞ്ഞു. സ്ഥാനമാനം ലഭിക്കാത്തതിനാലല്ല ബിജെപി വിട്ടതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ
പദ്മജ, കോണ്‍ഗ്രസിലെ പദവി കണ്ടല്ല ബിജെപിയില്‍ നിന്ന് രാജിവെച്ചതെന്നും പറഞ്ഞു. തെറ്റുപറ്റിയാല്‍ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛന്‍ കെ കരുണാകരനായിരുന്നു.
രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരന്‍ കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. ജീവിതത്തില്‍ ഇന്നുവരെ നരേന്ദ്രമോദിയെയോ അമിത് ഷായെയോ നേരില്‍ കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും പത്മജ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കാതിരുന്നതാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം.
കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽനിന്ന് ജനവിധി തേടിയെങ്കിലും ജയിച്ചിരുന്നില്ല. മുൻപ് 2004-ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോഴും പരാജയപ്പെട്ടു.
കോൺഗ്രസിലായിരിക്കേ കെ.ടി.ഡി.സി. മുൻ ചെയർപേഴ്സൺ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യൂക്കേഷണൽ സൊെസെറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെയും ഭാരവാഹിയായിരുന്നു.
