ബംഗളൂരു : എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ ‘ഇ-20 നഷ്ടപരിഹാരഫണ്ട്’ രൂപവത്ക്കരിക്കണമെന്ന ആവശ്യവുമായി കർണാടക സർക്കാർ. സംസ്ഥാന സിവിൽ സപ്ലൈസ്- ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരിക്ക് അയച്ച കത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടിയ അളവിൽ എഥനോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന പരിശോധനഫലത്തെത്തുടർന്ന് അഞ്ച് ആവശ്യങ്ങളാണ് കർണാടക സർക്കാർ ഉന്നയിച്ചത്. വിവിധ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനഫലം അടങ്ങിയ പുതിയ റിപ്പോർട്ടും മന്ത്രിക്ക് അയച്ചിട്ടുണ്ട്.
എല്ലാ പമ്പിലും പെട്രോളിലെ എഥനോളിന്റെ അളവ് പ്രദർശിപ്പിക്കണം. ബില്ലിനൊപ്പവും പെട്രോളിലെ എഥനോളിന്റെ ശതമാനക്കണക്ക് രേഖപ്പെടുത്തണം. ഇ-20 പെട്രോളിനൊപ്പം എഥനോൾ കലർത്താത്തതും ഇ-10 പെട്രോളും ലഭ്യമാണെന്ന് ഉറപ്പാക്കണം. അംഗീകൃത ലാബുകൾമുഖേന സ്വതന്ത്ര പരിശോധന നടത്തണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. ഉപയോക്താക്കൾ പണം നൽകി വാങ്ങുന്നത് എന്താണെന്ന് അറിയാനുള്ള അർഹത അവർക്കുണ്ടെന്നും അതിനാൽ ഈ വിഷയത്തിൽ സുതാര്യതയും ഉത്തരവാദിത്വവും കാട്ടണമെന്നും റിസ്വാൻ അർഷാദ് കത്തിൽ ആവശ്യപ്പെടുന്നു.
കർണാടകത്തിലെ വിവിധ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോൾ പെട്രോളിൽ 31 ശതമാനംവരെ എഥനോൾ സാന്നിദ്ധ്യം കണ്ടെത്തിയെങ്കിലും കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും പരിശോധനഫലം അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് വിശദമായ റിപ്പോർട്ട് വീണ്ടും സമർപ്പിച്ചത്.
