Sunday, November 22, 2026

മോട്ടോർ ഇൻഷുറൻസ് നിയമം മാറുന്നു, ഡിസംബർ 15 മുതൽ

Date:

ന്യൂഡൽഹി : വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഡിസംബർ 15ന് ശേഷം പുതിയ വാഹനത്തിൻ്റെ ഇൻഷുറൻസ് എടുക്കുമ്പോഴോ അല്ലെങ്കിൽ നിലവിലുള്ള പോളിസി പുതുക്കുമ്പോഴോ പുതിയ മാറ്റങ്ങൾക്ക് വിധേയമാകും.

വാഹന ഇൻഷുറൻസ് നാല് ഭാഗങ്ങളായി മാറ്റും എന്നതാണ് പ്രത്യേകത. 2026 ഡിസംബർ 15 മുതൽ നൽകുന്ന എല്ലാ സ്വകാര്യ കാർ, ഇരുചക്ര വാഹന ഇൻഷുറൻസ് പോളിസികൾക്കും ഈ ‘നാല് തലങ്ങളുള്ള’ (four-layer) ഘടന നിർബന്ധമാണെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു. ‘നാഷണൽ ഇൻഷുറൻസ് വേഴ്സസ് തുങ്കാല ധന ലക്ഷ്മി’ (National Insurance vs Thungala Dhana Laxmi) എന്ന കേസിൽ 2026 ഓഗസ്റ്റ് നാലിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് നിലവിലെ മാറ്റത്തിന് ആധാരം. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസായിരുന്നു ഇത്. പുതിയ സംവിധാനപ്രകാരം ഓരോ പോളിസി വാങ്ങുന്നവർക്കും നാല് വിഭാഗങ്ങളുള്ള ഒരൊറ്റ പോളിസിയാണ് ലഭിക്കുക.

1. മറ്റുള്ളവർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള പരിരക്ഷ (തേർഡ് പാർട്ടി).

2. വാഹനത്തിലെ യാത്രക്കാർക്കുണ്ടാകുന്ന അപകടങ്ങൾക്കുള്ള പരിരക്ഷ.

3. വ്യക്തിഗത അപകട ഇൻഷുറൻസ് (personal accident cover).
4. സ്വന്തം വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്കുള്ള പരിരക്ഷ.

ഒന്നാം വിഭാഗം (Section I) തേർഡ്-പാർട്ടി പരിരക്ഷയാണ്. രണ്ടാം വിഭാഗം (Section II) യാത്രക്കാരോടുള്ള നിങ്ങളുടെ നിയമപരമായ ബാധ്യതകളെ (legal liability) പരിരക്ഷിക്കുന്നു. മൂന്നാം വിഭാഗം (Section III) പേഴ്സണൽ ആക്സിഡന്റ് കവറാണ്. ഇത് ഉടമയ്ക്കും, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വാഹനത്തിലെ മറ്റ് യാത്രക്കാർക്കും ബാധകമാണ്. നാലാം വിഭാഗം (Section IV) നിങ്ങളുടെ സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള പരിരക്ഷയാണ്. ഇതിൽ തേർഡ്-പാർട്ടി കവറും ഉടമയ്ക്കുള്ള പേഴ്സണൽ ആക്സിഡന്റ് കവറും മാത്രമേ നിർബന്ധമുള്ളൂ; ബാക്കിയുള്ളവ നിങ്ങളുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.

നിലവിൽ ‘തേർഡ് പാർട്ടി’ (third-party) പോളിസി അല്ലെങ്കിൽ സ്വന്തം വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ കൂടി ഉൾപ്പെടുന്ന ‘കോംപ്രിഹെൻസീവ്’ (comprehensive) പാക്കേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. എന്നാൽ ഇനി മുതൽ ഒരു പോളിസി തന്നെ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ടാകും. ഓരോ ഭാഗവും നിങ്ങൾക്ക് ആവശ്യമുണ്ടോ എന്ന് ഫോമിൽ ടിക്ക് ചെയ്ത് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിൽ രണ്ട് ഭാഗങ്ങൾ മാത്രമെ നിർബ്ബന്ധമുള്ളൂ.

ഓരോ വിഭാഗവും നിങ്ങൾക്ക് വേണോ (opt in) വേണ്ടയോ (opt out) എന്ന് രേഖപ്പെടുത്തിയ ഒരു ‘ഓപ്ഷൻ ഫോം’ നിങ്ങൾ പൂരിപ്പിച്ച് ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഓൺലൈനായി പോളിസി എടുക്കുന്നവർക്ക് ‘വൺ-ടൈം പാസ്‌വേഡ്’ (OTP) ഉപയോഗിച്ച് ഇത് സ്ഥിരീകരിക്കാം. പോളിസി ഷെഡ്യൂളിൽ ഓരോ വിഭാഗത്തിനുമുള്ള പ്രീമിയം തുക പ്രത്യേകം കാണിച്ചിട്ടുണ്ടാകും. അതിനാൽ എന്തിനാണ് പണം നൽകുന്നതെന്ന് നിങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാം.

ഇൻഷുറൻസ് കമ്പനികൾ നിങ്ങൾക്ക് ഒരു ‘കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ്’ (ഉപഭോക്തൃ വിവര ഷീറ്റ്) കൂടി നൽകേണ്ടതുണ്ട്. സുപ്രീം കോടതിയിലെ ഒരു കേസിൽ ഒരു കുടുംബത്തിന് തിരിച്ചടിയായ പോരായ്മ പരിഹരിച്ചുകൊണ്ട് വാഹന ഉടമയ്ക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ (owner’s accident cover) ഇപ്പോൾ വാഹനം ഓടിക്കുമ്പോഴും അതിൽ യാത്ര ചെയ്യുമ്പോഴും ഒരുപോലെ ബാധകമാകും.

പ്രീമിയം തുകയിൽ എന്തെങ്കിലും മാറ്റം?

ഓരോ ഘടകത്തിനും എത്ര ചെലവാകുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും പുതിയ ഘടന മൊത്തത്തിലുള്ള പ്രീമിയം തുക കുറയ്ക്കുമെന്ന് കരുതേണ്ടതില്ലെന്ന് ബജാജ് ജനറൽ ഇൻഷുറൻസിലെ കൊമേഴ്‌സ്യൽ വിഭാഗം ചീഫ് ടെക്‌നിക്കൽ ഓഫീസർ അമർനാഥ് സക്സേന പറഞ്ഞു. പുതിയ പരിരക്ഷകളൊന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും അതിനാൽ നിലവിലുള്ള പരിരക്ഷകൾക്ക് നൽകേണ്ട പ്രീമിയം തുകയിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. നിലവിലുള്ള പരിരക്ഷകൾ തന്നെയാണ് പുതിയ രീതിയിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് പറയാം.

വിഭാഗം I: തേർഡ് – പാർട്ടി കവർ (Third-party cover)

നിയമപ്രകാരം നിർബ്ബന്ധമായും ഉണ്ടായിരിക്കേണ്ട ഇൻഷുറൻസ് പരിരക്ഷയാണിത്. വാഹനം മൂലം ആർക്കെങ്കിലും ജീവഹാനിയോ പരിക്കോ സംഭവിക്കുകയോ മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം ഉണ്ടാവുകയോ ചെയ്താൽ നഷ്ടപരിഹാരത്തുകയും നിയമനടപടികൾക്കുള്ള ചെലവുകളും ഇൻഷുറൻസ് കമ്പനി വഹിക്കും.

റോഡ് ഗതാഗത മന്ത്രാലയം ഐആർഡിഎഐയുമായി (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) കൂടിയാലോചിച്ചാണ് തേർഡ്-പാർട്ടി പ്രീമിയം നിശ്ചയിക്കുന്നത്. അതിനാൽ, ഇത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും. എന്നാൽ മറ്റ് വിഭാഗങ്ങളിലെ പ്രീമിയം നിരക്കുകൾ ഇൻഷുറൻസ് കമ്പനികൾക്ക് തീരുമാനിക്കാവുന്നതാണ്. വില നിർബന്ധമാക്കിയിട്ടുള്ള ‘വിഭാഗം I’ ഒഴികെ മറ്റ് വിഭാഗങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾക്ക് വ്യത്യസ്ത നിരക്കുകൾ നിശ്ചയിക്കാമെന്ന് മുൻ ഇൻഷുറൻസ് ഓംബുഡ്‌സ്‌മാൻ സെഗാർ സമ്പത്ത് കുമാർ വ്യക്തമാക്കി.

അടിസ്ഥാന പരിരക്ഷയിൽ കുറവ് വരുത്താത്ത പക്ഷം സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള (own-damage cover) പരിരക്ഷ രൂപകൽപ്പന ചെയ്യാനും അതിനുള്ള നിരക്കുകൾ നിശ്ചയിക്കാനും ഒഴിവാക്കലുകളിൽ (exclusions) മാറ്റങ്ങൾ വരുത്താനും ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎഐ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

വിഭാഗം II: യാത്രക്കാർക്കുള്ള പരിരക്ഷ

വാഹനത്തിൽ യാത്ര ചെയ്യുന്ന ഒരാൾക്കോ പിൻസീറ്റ് യാത്രക്കാരനോ (pillion rider) അല്ലെങ്കിൽ നിങ്ങൾ ജോലിക്കായി നിയോഗിച്ച ഡ്രൈവർക്കോ അപകടത്തിൽ ജീവഹാനിയോ പരിക്കോ സംഭവിക്കുകയും അവർ നഷ്ടപരിഹാരത്തിനായി നിയമനടപടി സ്വീകരിക്കുകയും ചെയ്താൽ അത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന നിയമപരമായ ബാധ്യതകൾ ഈ വിഭാഗം (ഓപ്ഷണൽ) പരിരക്ഷിക്കുന്നു.

എന്നാൽ ഇതിൽ ഒരു പ്രധാന പരിമിതിയുണ്ട്: നിങ്ങളെയോ നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളെയോ (മാതാപിതാക്കൾ, പങ്കാളി, മക്കൾ) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങൾക്ക് അപകടത്തിൽ പരിക്കോ മരണമോ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് ‘വിഭാഗം III’ൽ പറയുന്ന ‘പേഴ്സണൽ ആക്സിഡന്റ് കവർ’ (വ്യക്തിഗത അപകട ഇൻഷുറൻസ്) തെരഞ്ഞെടുക്കേണ്ടതുണ്ട്.

മാറ്റങ്ങൾ ശ്രദ്ധിക്കുക
*നിലവിലുള്ള ‘ആക്ട്-ഒൺലി’ (Act-only), ‘കോംപ്രിഹെൻസീവ്/പാക്കേജ്’ (comprehensive/package) ഫോർമാറ്റുകൾക്ക് പകരം ഒരൊറ്റ പോളിസി ഫോം വരുന്നു.

നിങ്ങൾക്ക് ആവശ്യമുള്ള കവറേജുകളുടെ സംയോജനം തിരഞ്ഞെടുക്കാം.

*നിലവിലുള്ളതുപോലെ, റോഡ് ഗതാഗത മന്ത്രാലയം ഐആർഡിഎഐയുമായി കൂടിയാലോചിച്ച് നിർബന്ധിത ‘തേർഡ് പാർട്ടി’ (TP) കവറേജിനുള്ള പ്രീമിയം തുക തീരുമാനിക്കും.

*മറ്റ് കവറേജുകൾക്കുള്ള പ്രീമിയം ഇൻഷുറൻസ് കമ്പനികൾ തീരുമാനിക്കും.

പരിഹരിക്കപ്പെടേണ്ട കാര്യങ്ങൾ

*തേർഡ് പാർട്ടി ലയബിലിറ്റി (ബാധ്യത) കവറേജിന്റെ കാലാവധി വർദ്ധിപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

*നാല് ചക്ര വാഹനങ്ങൾക്ക് ആറ് വർഷവും ഇരുചക്ര വാഹനങ്ങൾക്ക് നാല് വർഷവും. (ഇത് നേരത്തെ യഥാക്രമം അഞ്ച് വർഷവും മൂന്ന് വർഷവുമായിരുന്നു)

*വാഹനത്തിലുള്ളവർക്കുള്ള ലയബിലിറ്റി കവറേജിൽ നിന്ന് അടുത്ത കുടുംബാംഗങ്ങളെ ഒഴിവാക്കിയിരിക്കുന്നത് പുനഃപരിശോധിക്കേണ്ടതുണ്ട്.

*സർക്കുലറിൽ കാലാവധി വർധിപ്പിച്ചതിനെക്കുറിച്ച് പരാമർശിക്കുന്നില്ല.

വിഭാഗം III: പേഴ്സണൽ ആക്സിഡന്റ് കവർ (വ്യക്തിഗത അപകട ഇൻഷുറൻസ്)

ഇതിൽ രണ്ട് ഭാഗങ്ങളുണ്ട്: വാഹന ഉടമ എന്ന നിലയിൽ നിങ്ങൾക്ക് നിർബന്ധമായ കവറേജും യാത്രക്കാർ, പിന്നിലിരിക്കുന്നവർ (pillion riders), മറ്റ് ഡ്രൈവർമാർ എന്നിവർക്കായി തെരഞ്ഞെടുക്കാവുന്ന (ഓപ്ഷണൽ) കവറേജും. ഉടമയ്ക്കായുള്ള കവറേജ് ബാധകമാകുന്നത് നിങ്ങൾ വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയും പോളിസി ഉടമയും ഒരേ വ്യക്തിയാകുമ്പോൾ മാത്രമാണ്. അതിനാൽ, ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഇത് ബാധകമല്ല.

വാഹനം ഉൾപ്പെടുന്ന അപകടത്തിൽ മരണം സംഭവിക്കുകയോ സ്ഥിരമായി വൈകല്യം സംഭവിക്കുകയോ ചെയ്താൽ ഈ ഇൻഷുറൻസ് തുക ലഭിക്കും. നിങ്ങൾ വാഹനം ഓടിക്കുകയായിരുന്നാലും അതിൽ ഇരിക്കുകയായിരുന്നാലും അല്ലെങ്കിൽ വാഹനത്തിലേക്ക് കയറുകയോ ഇറങ്ങുകയോ ചെയ്യുകയായിരുന്നാലും ഇത് ബാധകമാണ്. മരണമോ പൂർണ്ണമായ വൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് തുക മുഴുവനായും ഒരു അവയവം നഷ്ടപ്പെടുകയോ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയോ ചെയ്താൽ ഇൻഷുറൻസ് തുകയുടെ പകുതിയും ലഭിക്കും. ഇതിനായി സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. സ്വയം വരുത്തിവയ്ക്കുന്ന പരിക്കുകൾക്ക് പരിരക്ഷ ലഭിക്കില്ല. കൂടാതെ, ഒരു അപകടത്തിന് ഒരു പോളിസിയിൽ നിന്ന് മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. യാത്രക്കാർക്കും മറ്റ് ഡ്രൈവർമാർക്കും വേണ്ടിയുള്ള ഓപ്ഷണൽ കവറേജും സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.

വിഭാഗം IV: സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള പരിരക്ഷ (Own-damage cover)

സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നു. ഇൻഷുറൻസ് കമ്പനിക്ക് വാഹനം നന്നാക്കുകയോ, കേടായ ഭാഗങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് പണമായി നഷ്ടപരിഹാരം നൽകുകയോ ചെയ്യാം. വാഹനം പൂർണമായും നശിച്ചുപോകുന്ന സാഹചര്യത്തിൽ (Total loss) വാഹനത്തിന്റെ ‘ഇൻഷുറൻസ് ഡിക്ലയേർഡ് വാല്യൂ’ (IDV) -ൽ നിന്ന് തകർന്ന വാഹനത്തിന്റെ അവശിഷ്ട മൂല്യം (wreck value) കുറച്ചുള്ള തുകയായിരിക്കും നഷ്ടപരിഹാരമായി ലഭിക്കുക.

വാഹനത്തിന്റെ മൂല്യത്തിൽ നിന്ന് തേയ്മാനം (depreciation) കണക്കാക്കി നിശ്ചയിക്കുന്ന തുകയാണ് IDV. വാഹനം പൂർണമായും നശിക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന പരമാവധി തുകയാണിത്. ഭാഗികമായ നാശനഷ്ടമാണെങ്കിൽ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവിൽ നിന്ന് ഭാഗങ്ങളുടെ തേയ്മാന മൂല്യം കുറച്ചുള്ള തുക ലഭിക്കും. കൂടാതെ, ‘സീറോ ഡിപ്രീസിയേഷൻ’ (zero depreciation) പോലുള്ള അധിക പരിരക്ഷകളും (add-ons) തെരഞ്ഞെടുക്കാം.

Share post:

Popular

More like this
Related

കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര കേന്ദ്രാനുമതി തേടാതെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ...

മണിപ്പൂരിൽ വിഷമദ്യ ദുരന്തം: 18 മരണം, 250-ൽ അധികം പേർ  ആശുപത്രിയിൽ, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഇംഫാല്‍ : മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലുണ്ടായ വ്യാജ വിഷമദ്യ ദുരന്തത്തിൽ 18...