തളിപ്പറമ്പ് : ധനരാജ് വധക്കേസിൽ ഒന്നാംസാക്ഷിക്കും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.എസ്.പ്രശാന്ത്.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായ ഒന്നാംസാക്ഷി പി.വി.പ്രജീഷിന്റെ മൊഴിയെമാത്രം പിന്തുടർന്ന അന്വേഷണസംഘം പ്രധാനപ്പെട്ട പല കാര്യങ്ങളും അവഗണിച്ചതായാണ് വിധിന്യായം പറയുന്നത്.
പോലീസിന്റെ കഴിവില്ലായ്മയും ഒന്നാംസാക്ഷിയുടെ പിടിവാശിയും ചില പ്രതികൾ രക്ഷപ്പെടാനിടയാക്കി. സെൻസേഷണലായ കേസിൽ യാന്ത്രികമായിട്ടാണ് അന്വേഷണം നടത്തിയത്. അതുകൊണ്ട് പല വീഴ്ചകളും വന്നു. അതിന്റെ ഫലമായി, മുൻകൂട്ടി ആസൂത്രണംചെയ്ത രാഷ്ട്രീയ കൊലപാതകക്കേസിലെ ചില കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടായി.
നല്ല രീതിയിൽ അന്വേഷണം നടത്തുകയെന്നത് ഭരണഘടനാപരമായ കടമയാണ്. അതിൽ വീഴ്ച വന്നാൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ നീതിതന്നെ ഇല്ലാതാകും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അവസാന റിപ്പോർട്ടിന്റെ പരിമിതിക്കുള്ളിൽനിന്ന് കേസ് നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചു. പോലീസിന്റെ അറിവോടും ഒത്താശയോടുംകൂടി നടന്ന രാഷ്ട്രീയനാടകം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അന്വേഷണത്തിൽ വലിയ വീഴ്ച വന്നിട്ടും, ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു. പോലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഇടപെടലുമാണ് മറ്റു പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയതെന്നാണ് കോടതിയുടെ വിമർശനം
