കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസിൽ മുഴുവൻ റിപ്പോർട്ടുകളും സമർപ്പിക്കാത്തതിലാണ് സർക്കാരിന് കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്.
.
കേസിൽ അന്വേഷണം പൂർത്തിയായ മുഴുവൻ കേസുകളിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുറ്റപത്രം സമർപ്പിക്കാൻ നേരത്തെ രണ്ടാഴ്ചത്തെ സമയവും കോടതി അനുവദിച്ചിരുന്നു.
“ഉൾപ്പെട്ടവർ ഉന്നതരാണെങ്കിൽ ഓരോ നടപടിക്കും കോടതി സമ്മർദ്ദം ചെലുത്തേണ്ടതുണ്ടോ? അല്ലെങ്കിൽ ഒരു പങ്കുമില്ലാത്ത പാവപ്പെട്ടവരെ കസ്റ്റഡിയിലെടുക്കും.”- ജസ്റ്റിസ് എ ബദറുദ്ദീൻ വാക്കാൽ നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ, കൊല്ലം പ്രത്യേക കോടതിയിൽ ഒരു അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ, എട്ട് റിപ്പോർട്ടുകൾക്ക് പകരം ഒരെണ്ണം മാത്രം സമർപ്പിച്ചത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചൂണ്ടിക്കാട്ടി.
“ഇത് ശരിയല്ല. നിങ്ങളുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ല. കോടതിയോട് കളി വേണ്ട, വെറുതെ വിടില്ല. വളരെ ഗൗരവതരമായ വിഷയമാണിത്. ആഭ്യന്തര വകുപ്പും വിജിലൻസ് വകുപ്പും എന്താണ് ചെയ്യുന്നത്? എന്താണ് ഇവിടെ നടക്കുന്നത്?” കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ബാക്കിയുള്ള ഏഴ് അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകണമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
2016-ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിൽ കാര്യക്ഷമമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ സമർപ്പിച്ച രണ്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത്. മൈക്രോ ഫിനാൻസ് പദ്ധതിക്ക് കീഴിൽ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് അനുവദിച്ച 15.85 കോടി രൂപയുടെ സർക്കാർ ഫണ്ട് എസ്എൻഡിപി യോഗം ഭാരവാഹികളും കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർമാരും ചേർന്ന് തിരിമറി നടത്തിയെന്നാണ് കേസ്. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.
