തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമിടാൻ തലസ്ഥാന നഗരി ഒരുങ്ങുകയാണ്. ദീപാലങ്കാരങ്ങളും കലാപരിപാടികളുമായി ഡിസംബർ 20 മുതൽ അനന്തപുരിക്ക് ആഘോഷരാവാകും. രണ്ടാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് കനകക്കുന്ന് ആണ് വേദിയാകുന്നത്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തലസ്ഥാനത്ത് ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥിൻ്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ 2026 ഡിസംബർ 20 മുതൽ 2027 ജനുവരി മൂന്ന് വരെ കനകക്കുന്നിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് കെടിഡിസി ചൈത്രത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തീമാറ്റിക് ഫ്ളവർ ഷോയും കനകക്കുന്നിനെ വർണാഭമാക്കുന്ന ദീപാലങ്കാരങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ. വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളയും വിപുലമായ വ്യാപാരമേളയും സംഘടിപ്പിക്കും. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങളിലുൾപ്പെടെ വിവിധ കലാപരിപാടികളും കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങളും ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷത്തേതുപോലെ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. രാത്രി 10:30 വരെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കും. രാത്രി 12 മണിയോടെ പരിപാടികൾ അവസാനിക്കും. സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി പോലീസ്, ഫയർഫോഴ്സ്, കോർപ്പറേഷൻ, വാട്ടർ അതോറിറ്റി, ശുചിത്വ മിഷൻ, ആരോഗ്യ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
ഭക്ഷ്യശാലകളിലും സ്റ്റാളുകളിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും നിരീക്ഷണത്തിനായി സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. കഴിഞ്ഞവർഷം വസന്തോത്സവവും പുതുവത്സരാഘോഷങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു.
