ശ്രീനഗർ : കിഷ്ത്വാറിൽ 60 ലധികം പേർ മരിച്ച മേഘ വിസ്ഫോടന ദുരന്തത്തിന് ദിവസങ്ങൾക്കിപ്പുറം ജമ്മു കശ്മീരിലെ കത്വ ജില്ലയിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ജോദ് ഘാട്ടി എന്ന വിദൂര ഗ്രാമത്തിലാണ് ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിൽ പെട്ടെന്ന് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ നാല് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വാർത്ത. ഘാട്ടി പ്രദേശത്ത് നിരവധി വീടുകൾ അവശിഷ്ടങ്ങൾക്കടിയിൽ മുങ്ങിയതായും വെള്ളപ്പൊക്കത്തിൽ തകർന്നതായും അധികൃതർ അറിയിച്ചു. ജമ്മു-പത്താൻകോട്ട് ദേശീയ പാതയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രാമത്തിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
പോലീസിന്റെയും എസ്ഡിആർഎഫിന്റെയും സംയുക്ത സംഘം ഗ്രാമത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയർന്നതായും ഉഝ് നദി അപകടരേഖയ്ക്ക് സമീപം ഒഴുകുന്നതായും അധികൃതർ പറയുന്നു. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷയ്ക്കായി ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.