(Photo Courtesy : X)
മണാലി : അതിശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിൽ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക നാശം. പല ഇടങ്ങളും വെള്ളത്തിനടിയിലായി. നിരവധി കടകളും വീടുകളും കുത്തൊഴുക്കിൽ ഒലിച്ചുപോയി. കെട്ടിടങ്ങൾ തകർന്നു. ദേശീയപാതകൾ ഒറ്റപ്പെട്ടു. പല പ്രദേശങ്ങളിൽ നിന്നും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബിയാസ് നദിയിലെ ശക്തമായ ഒഴുക്കിൽ മണാലിയിലെ ഒരു ബഹുനില ഹോട്ടലും നാല് കടകളും ഒലിച്ചുപോയി. നദി കരകവിഞ്ഞൊഴുകിയതോടെ ആലു ഗ്രൗണ്ടിലേക്ക് വെള്ളം കയറി. മണാലി-ലേ ഹൈവേ പലയിടത്തും വേറിട്ടു പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നൂറുകണക്കിന് താമസക്കാർ പല സ്ഥലങ്ങളിലും കണക്റ്റിവിറ്റിയും വൈദ്യുതിയും ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്.
ബഹാങ്ങിലും ഒരു ഇരുനില കെട്ടിടം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. രണ്ട് റെസ്റ്റോറന്റുകളും രണ്ട് കടകളും തകർന്നു. കുളുവിനും മണാലിക്കും ഇടയിലുള്ള ഹൈവേയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതിനാൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ലേ-മണാലി ഹൈവേ അടച്ചു.