[Photo Courtesy : X]
വാഷിങ്ടൺ : അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിലെ കനത്ത മഞ്ഞുവീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ശനിയാഴ്ച നിരവധി വിമാനങ്ങൾ റദ്ദാക്കി. പല വിമാനങ്ങളും വൈകി. ഇതോടെ ക്രിസ്മസിന് ശേഷം യാത്ര ചെയ്യാനിരുന്ന ആയിരക്കണക്കിന് പേരുടെ യാത്ര അവതാളത്തിലായി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ മഞ്ഞുവീഴ്ച ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകടകരമായ സാഹചര്യങ്ങൾ കാരണം റോഡുകളിൽ നിന്ന് മാറി നിൽക്കാൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.
നാഷണൽ വെതർ സർവ്വീസ് (NWS) പ്രകാരം, സിറാക്കൂസ് മുതൽ ലോംഗ് ഐലൻഡ് വരെയുള്ള സെൻട്രൽ ന്യൂയോർക്കിൽ 6 മുതൽ 10 ഇഞ്ച് വരെ (15 മുതൽ 25 സെന്റീമീറ്റർ വരെ)യാണ് മഞ്ഞ് വീഴ്ച്ചയുണ്ടായത്. ന്യൂയോർക്ക് സിറ്റിയിൽ രാത്രിയിൽ 2 മുതൽ 4 ഇഞ്ച് വരെയും സെൻട്രൽ പാർക്കിൽ 4.3 ഇഞ്ച് വരെയും മഞ്ഞ് വീണു. 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കനത്ത മഞ്ഞുവീഴ്ച നിലച്ചതായും നേരിയ മഞ്ഞുവീഴ്ച ഉച്ചയോടെ അവസാനിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ബോബ് ഒറാവെക് പറഞ്ഞു.
മഞ്ഞുവീഴ്ച കുറഞ്ഞിട്ടുണ്ടെങ്കിലും വിമാന യാത്രക്കാരെ വലിയ തോതിൽ ഇത് ബാധിച്ചു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്അവെയർ അനുസരിച്ച്, ശനിയാഴ്ച രാവിലെ വരെ യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിലെ 14,400-ലധികം ആഭ്യന്തര വിമാന സർവ്വീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം, ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന ന്യൂയോർക്ക് ഏരിയ വിമാനത്താവളങ്ങളെയാണ് മോശം കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. അമേരിക്കയിലേക്കും തിരിച്ചുമുള്ള ഏകദേശം 2,100 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. കാലാവസ്ഥ മൂലം യാത്രകൾ പുന:ക്രമീകരിക്കുന്നതിനുള്ള ടിക്കറ്റ് മാറ്റ ഫീസ് ഒഴിവാക്കിക്കൊണ്ട് അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേസ് എന്നിവ യാത്രക്കാർക്ക് ആശ്വാസമേകി.
പെൻസിൽവാനിയയിലെയും മസാച്യുസെറ്റ്സിലെയും വലിയ ഭാഗങ്ങളിൽ ശീതക്കാറ്റ് മുന്നറിയിപ്പുകളും ശൈത്യകാല കാലാവസ്ഥാ ഉപദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയിലെയും പെൻസിൽവാനിയയിലെയും നിരവധി അന്തർസംസ്ഥാന ഹൈവേകളിൽ വാണിജ്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താപനില കുറയുന്നതിനാൽ തണുപ്പ് കൂടാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.
