കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ അതിജീവിത ഹൈക്കോടതിയിൽ. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യകേസിലാണ് കീഴ്ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസിൽ മാത്രമാണ് നിലവിൽ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ ആവശ്യം. വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.
