കൊച്ചി: ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ കൊക്കെയ്‌ൻ വിഴുങ്ങി മയക്കുമരുന്ന് കടത്താൻ പുതിയ തന്ത്രം പയറ്റിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ കസ്റ്റഡിയിൽ. ബ്രസീൽ സ്വദേശികളായ ദമ്പതികളെയാണ് കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം 50 ലധികം ക്യാപ്‌സ്യൂളുകളാണ് വിഴുങ്ങിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ദമ്പതിമാരെ ലഹരിക്കടത്ത് സംശയത്തെത്തുടര്‍ന്ന് വിശദമായി പരിശോധനക്കാണ് വിധേയമാക്കിയത്. എന്നിട്ടും ഇവരിൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് സ്‌കാനിങ്ങിന് തയ്യാറെടുത്തത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയ രീതിയിൽ മയക്കുമരുന്ന് കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും അങ്ങനെയാണ്. ഇത് പുറത്തെടുക്കാനായി രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറെ അപകടകരമായ രീതിയിലുള്ള ഇത്തരം ലഹരിക്കടത്ത് വളരെ അപൂർവ്വമാണ്. കഴിഞ്ഞ വർഷം 20 കോടിയോളം രൂപ വിലമതിക്കുന്ന കാപ്സ്യൂൾ ഗുളികകൾ വിഴുങ്ങിയ ഒരു ടാൻസാനിയൻ യുവാവിനെ ഇതേ പോലെ പിടികൂടിയിരുന്നു. ശരീരത്തിനുള്ളില്‍വെച്ച് ഈ ക്യാപ്‌സ്യൂളുകള്‍ പൊട്ടിപ്പോയാല്‍ മരണം വരെ സംഭവിച്ചേക്കാമെന്ന് പറയുന്നു. എന്നിട്ടും ഇത്തരം രീതികൾ കരിയർമാർ സ്വീകരിക്കുന്നു എന്നത് അന്താരാഷ്ട്ര മയക്കുമരുന്നിൻ്റെ അതിവിപുലമായ ശ്രംഖലയിലേക്കാണ് വിരൽചൂണ്ടുന്നത്.
