ഈസ്റ്റ് കച്ച് : ഗുജറാത്തിൽ കച്ചിലെ അഞ്ജർ പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അരുണാബെന്‍ നതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ ദിനേശ് ജാദവും വനിതാ എഎസ്‌ഐയും 2021 ൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ഒരുമിച്ച് താമസം തുടങ്ങിയവരായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനെ തുടർന്ന് പ്രതിയായ ദിനേശ് വനിതാ എഎസ്‌ഐയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ ദിനേശ് പിന്നീട് അഞ്ജർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
അരുണാ ബെന്‍ തന്റെ അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിൻ്റെ ദേഷ്യത്തില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് സിആര്‍പിഎഫ് ജവാന്‍ പോലീസിന് നൽകിയ കുറ്റസമ്മത മൊഴി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.
.മണിപ്പൂരില്‍ നിയമിതനായ പ്രതി അരുണബെന്നുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പദ്ധതിയിട്ടിരുന്നതായും ഈസ്റ്റ് കച്ച് ഡെപ്യൂട്ടി എസ്പി മുകേഷ് ചൗധരി പറഞ്ഞു