കൊച്ചി: നടി നൽകിയ പരാതിയെ തുടർന്ന് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിവിട്ട രഞ്ജിത്തിനെ മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. സംവിധായകനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. 14 ദിവസത്തേയ്ക്കാണ് റിമാൻഡ്. തൊടുപുഴയില്‍ വെച്ചാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ വ്യതിയാനവും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന് ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന് രഞ്ജിത്തിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിയ്ക്കുകയായിരുന്നു.
ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും ബുധനാഴ്ച തന്നെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടതായി സംവിധായകന്റെ അഭിഭാഷകൻ മുഹമ്മദ് സിയാദ് അറിയിച്ചു. കേസ് വ്യാജമാണെന്ന് സംവിധായകൻ ആവർത്തിച്ചു. കള്ളക്കേസാണെന്നാണ് മജിസ്‌ട്രേറ്റിന്റെ വസതിയിൽനിന്ന് സബ് ജയിലിലേക്ക് കൊണ്ടുപോകും വഴി രഞ്ജിത്തിന്റെ പ്രതികരണം.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നടിയാണ് പരാതിക്കാരി. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവലിനുള്ളിൽവെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
