തൃശൂര്‍ : അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിൽ വെച്ചാണ് കൊലക്കേസ് പ്രതിയായ എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശന് (44) ക്രൂരമായ മര്‍ദ്ദനമേറ്റത്. സംഭവത്തിൽ അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ , നിതിൻ, എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്‍റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദര്‍ശനെ പിടികൂടുന്നത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രൽ പോലീസ് സുദര്‍ശനെ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് സുദര്‍ശൻ അക്രമം കാട്ടിയതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായതോടെ സുദര്‍ശനെ അഗതി മന്ദിരത്തിന്‍റെ വാഹനത്തിൽ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ചു.
സുദര്‍ശൻ ഇപ്പോൾ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 11 കേസുകളിലെ പ്രതിയാണ് സുദര്‍ശൻ. പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലാണ്. അക്രമികള്‍ കത്തികൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയിൽ മുനീര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദര്‍ശൻ.
