പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പരാതി വന്നതിൽ പിന്നെ മുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലാണ്. കേരളാ പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണ്ണാടകയിലേക്ക് കടന്നു. കുറഞ്ഞ സമയം മതി ബാഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ എന്നിരിക്കെ പോലീസ് അന്വേഷണം ആ വഴിക്ക് നീക്കുകയാണ്. ഞായറാഴ്ച വരെയുള്ള രാഹുലിന്‍റെ സഞ്ചാരപാത ലഭിച്ചെന്നാണ് വിവരം.
കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ബാഗലൂരില്‍ എത്തിയത്. രാവിലെ വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെയുണ്ടായിരുന്നു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ബഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറിലാണെന്നും പോലീസ് തിരിച്ചറിഞ്ഞു.
അതിജീവിത പരാതി നല്കിയതിൻ്റെ പിറകെയാണ് രാഹുൽ ഒളിവിൽപ്പോയത്. പ്രതി രാജ്യം വിട്ടുപോകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ലുക്കൗട്ട് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. യുവതിക്ക് ഗർഭഛിദ്ര ഗുളികകൾ എത്തിച്ചു കൊടുത്തെന്ന് പരാതിയിൽ പറയുന്ന മാങ്കൂട്ടത്തിലിന്റെ സുഹൃത്തും അടൂരിലെ വ്യവസായിയുമായ ജോബി ജോസഫിനെയും പോലീസ് തിരയുന്നുണ്ട്. കൂട്ടുപ്രതിയായ ഇയാളും ഒളിവിലാണ്.
ബലാത്സംഗം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 89 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. 2025 മാർച്ച് മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിപ്പിച്ചതായും തുടർന്ന് തന്റെ നഗ്നചിത്രങ്ങൾ പകർത്തിയതായും ഗർഭിണിയായ ശേഷവും പാലക്കാട്ടെ ഒരു ഫ്ലാറ്റിൽ വെച്ച് രാഹുൽ പീഡിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു
