തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമെന്ന് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പ്രതി എംഎല്‍എയാണ്. ജനപ്രതിനിധി എന്ന സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
‘ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം’ എന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദത്തേയും കോടതി തള്ളി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തിയെ ഈ നിലയിൽ ലഘൂകരിച്ച് കാണാനാകില്ലെന്നും 22 പേജുള്ള ഉത്തരവില്‍ ജഡ്ജി എസ്. നസീറ വ്യക്തമാക്കി. ആത്മഹത്യാഭീഷണി മുഴക്കിയാണ് രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചതെന്നും പെണ്‍കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് കോടതി വിലയിരുത്തി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്ന രാഹുലിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ല. ആദ്യത്തെ ശാരീരിക ബന്ധത്തിന് പിന്നാലെ തുടര്‍ച്ചയായി നടന്ന ശാരീരികബന്ധങ്ങളെല്ലാം ഭീഷണിപ്പെടുത്തിയാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവ് വന്നത്. രാഹുലിന്റെ ആവശ്യപ്രകാരം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം കേട്ട കോടതി തുടര്‍വാദത്തിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൂടുതൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷകൂടി പരിഗണിച്ചായിരുന്നു കോടതി നടപടി. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനുള്ള ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്
