കൊച്ചി: ലൈംഗികാതിക്രമക്കേസിൽ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും പരാതി നല്‍കിയത് ബന്ധപ്പെട്ട നിയമസംവിധാനത്തിനുമുന്നില്‍ അല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എസ്. രാജീവ് മുഖേനയാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ശനിയാഴ്ച പരിഗണിക്കും.
പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ടെന്നും
ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുലിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു. ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിദ്ധരിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
പരാതിക്കാരിയുമായുള്ള ആശയവിനിമയ രേഖകള്‍ കൈമാറാന്‍ തയ്യാറാണ്. പോലീസ് പിന്നാലെയുള്ളതിനാലാണ് ഇത് കൈമാറാന്‍ കഴിയാത്തത്. ഇടക്കാല ജാമ്യം നല്‍കിയാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം ഈ കേസില്‍ ഇല്ലെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു
