തലശ്ശേരി : കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശ്ശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതാവുകയായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയമൂലമാണ് പ്രമോദ് കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം നഗരത്തിൽ കരിക്കാംകുളം ഫ്ലോറിക്കൻ റോഡിനു സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണ് 9ന് മരിച്ച നിലയിൽ കണ്ടെത്തിയത്
പ്രമോദിനായി ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.